രഞ്ജിയിലിറങ്ങും മുമ്പേ സഞ്ജുവിന് സന്തോഷ വാര്‍ത്ത; വമ്പന്‍ കുതിച്ചുചാട്ടവുമായി സൂപ്പര്‍ താരം
Sports News
രഞ്ജിയിലിറങ്ങും മുമ്പേ സഞ്ജുവിന് സന്തോഷ വാര്‍ത്ത; വമ്പന്‍ കുതിച്ചുചാട്ടവുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2024, 8:43 am

രഞ്ജി ട്രോഫിയില്‍ കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. കെ.എസ്.സി.എയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ സകല ആവേശവുമായാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ കേരളത്തിനൊപ്പം ചേരുന്നുണ്ട്. ക്യാപ്റ്റനായി തന്നെയാണ് സഞ്ജു കളത്തിലിറങ്ങുന്നത്.

രണ്ടാം മത്സരത്തിനിറങ്ങും മുമ്പ് സഞ്ജുവിനും സഞ്ജു ആരാധകര്‍ക്കും ഏറെ സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി-20യില്‍ നേടിയ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി. ടി-20 റാങ്കിങ്ങില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നടത്തിയിരിക്കുന്നത്.

ഒറ്റയടിക്ക് 91 റാങ്കുകള്‍ മെച്ചപ്പെടുത്തി 65ാം റാങ്കിലേക്കാണ് സഞ്ജു സാംസണ്‍ എത്തിയിരിക്കുന്നത്. 449 റേറ്റിങ് പോയിന്റുമായി നിലവില്‍ 65ാം സ്ഥാനത്താണ് സഞ്ജു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങാണിത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന 11ാം താരമാണ് സഞ്ജു. ടി-20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ഐതിഹാസിക റെക്കോഡും ഇതിനൊപ്പം സഞ്ജു തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

നേരിട്ട 40ാം പന്തിലാണ് സഞ്ജു ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. ഇതോടെ ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് പട്ടികയില്‍ സഞ്ജുവിന് മുമ്പിലുള്ളത്.

അതേസമയം, 881 റേറ്റിങ്ങുമായി ട്രാവിസ് ഹെഡ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 818 റേറ്റിങ് പോയിന്റുമായി സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. ഫില്‍ സോള്‍ട്ടും ബാബര്‍ അസവും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍ തുടരുകയാണ്.

യശസ്വി ജെയ്‌സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ആറാമതെത്തി. സൂര്യക്ക് പുറമെ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് ജെയ്‌സ്വാള്‍. ഋതുരാജ് ഗെയ്ക്വാദ് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 11ാമതാണ്.\

ശുഭ്മന്‍ ഗില്‍ നാല് സ്ഥാനം നഷ്ടപ്പെട്ട് 25ലെത്തി.

സൂപ്പര്‍ താരം റിങ്കു സിങ്ങാണ് സഞ്ജുവിന് പുറമെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. 22 റാങ്കുകള്‍ മെച്ചപ്പെടുത്തി 43ാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാണിക്യം ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത്. 515 റേറ്റിങ്ങാണ് ഫിനിഷര്‍ക്കുള്ളത്.

 

അതേസമയം, സഞ്ജുവിനേക്കാള്‍ വമ്പന്‍ കുതിപ്പ് നടത്തിയ താരവും പട്ടികയിലുണ്ട്. രണ്ടാം ടി-20യില്‍ ഇന്ത്യയുടെ രക്ഷകനായ നിതീഷ് കുമാര്‍ റെഡ്ഡി ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത് 255 സ്ഥാനങ്ങളാണ്. നിലവില്‍ 72ാം സ്ഥാനത്താണ് റെഡ്ഡി ഇരിപ്പുറപ്പിച്ചിരിക്കുന്നത്. 423 റേറ്റിങ്ങാണ് നിലവില്‍ താരത്തിനുള്ളത്.

 

(ഐ.സി.സി ടി-20 റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

 

 

Content highlight: Sanju Samson with a huge achievement in the ICC T20 ranking