ഇന്ത്യ – സിംബാബ്‌വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജു സംസണിന്റെ ചിറകിലേറിയായിരുന്നു ഇന്ത്യന്‍ ടീം വിജയത്തിലേക്ക് പറന്നിറങ്ങിയത്.
ബാറ്റിങ്ങിലും കീപ്പിങ്ങിലും തന്റെ സ്വതസിദ്ധമായ ആക്രമണോത്സുക പ്രകടനം പുറത്തെടുത്തായിരുന്നു സഞ്ജു ഷെവ്‌റോണ്‍സിനെ തകര്‍ത്തെറിഞ്ഞത്.
സിംബാബ്‌വേ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ ‘നായകന്‍’മാരായ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
ഇരുവരും 33 റണ്‍സ് വീതമാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ആദ്യ കളിയില്‍ പതിഞ്ഞ് കളിച്ച ധവാന്‍ സ്‌ഫോടനാത്മകമായ ഇന്നിങ്‌സായിരുന്നു പുറത്തെടുത്തത്.
21 പന്തില്‍ നിന്നുമായിരുന്നു ധവാന്‍ 33 റണ്ണടിച്ചത്. ഗില്ലാവട്ടെ 34 പന്ത് നേരിട്ട് 33 റണ്‍സ് സ്വന്തമാക്കി.
പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തിയപ്പോള്‍ ദീപക് ഹൂഡ പിടിച്ചുനിന്നു.
എന്നാല്‍ ആറാമനായി സഞ്ജു ഇറങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഗതി മാറി. സിക്‌സറും ഫോറും പറത്തി, സ്ഥിരം ശൈലിയില്‍ ആഞ്ഞടിച്ച സഞ്ജുവിനെയായിരുന്നു ആരാധകര്‍ ഹരാരെയില്‍ കണ്ടത്.
39 പന്തില്‍ നിന്നും 110.26 സ്‌ട്രൈക്ക് റേറ്റില്‍ 43 റണ്‍സായിരുന്നു സഞ്ജു നേടിയത്. നാല് സിക്‌സറും മൂന്ന് ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പറന്നത്. ജയിക്കാന്‍ ഒറ്റ റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ ഇന്നസെന്റ് കയിയയെ സിക്‌സറിന് പറത്തിയായിരുന്നു ഇന്ത്യ സഞ്ജുവിനൊപ്പം വിജയമാഘോഷിച്ചത്.
The crowd was rooting for him. And Chetta didn’t disappoint. 😍🤌pic.twitter.com/swXFvjKynq
— Rajasthan Royals (@rajasthanroyals) August 20, 2022
നേരത്തെ, ഷെവ്‌റോണ്‍സ് ഇന്നിങ്‌സില്‍ ഓപ്പണര്‍ ബാറ്ററായ തകുന്‍സാഷ കെയ്റ്റാനോയെ പുറത്താക്കിയ സഞ്ജുവിന്റെ വണ്‍ ഹാന്‍ഡഡ് ആക്രോബാക്ടിക് ക്യാച്ചും ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ മറ്റ് രണ്ട് മുന്‍ നിര ബാറ്റര്‍മാരെയും താരം ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു.
ഇപ്പോഴിതാ, മത്സരത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. തന്റെ ഏകദിന കരിയറില്‍ ആദ്യമായിട്ടാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജുവിനെ തേടിയെത്തുന്നത് എന്ന പ്രത്യേകതയും ഇന്ത്യ – സിംബാബ്‌വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുണ്ട്.
Sanju Samson is adjudged Player of the Match for his match winning knock of 43* as India win by 5 wickets.
Scorecard – https://t.co/6G5iy3rRFu #ZIMvIND pic.twitter.com/Bv8znhTJSM
— BCCI (@BCCI) August 20, 2022
The first time’s always special. 🏆🇮🇳 pic.twitter.com/C4Xw9ETKn6
— Rajasthan Royals (@rajasthanroyals) August 20, 2022
അതേസമയം, രണ്ടാം മത്സരവും ജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 22ന് നടക്കുന്ന മൂന്നാം ഏകദിനവും ജയിച്ച് പരമ്പര വൈറ്റ്‌വാഷ് ചെയ്യാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Content Highlight: Sanju Samson wins first ever man of the match in his ODI career