സഞ്ജൂ... എന്തെങ്കിലും തെളിയിക്കണമെങ്കില്‍ അത് ഇന്ന് വേണം; രാജസ്ഥാന്‍ റോയല്‍സിനെ അനുസ്മരിപ്പിച്ച് ഇന്ത്യ
Sports News
സഞ്ജൂ... എന്തെങ്കിലും തെളിയിക്കണമെങ്കില്‍ അത് ഇന്ന് വേണം; രാജസ്ഥാന്‍ റോയല്‍സിനെ അനുസ്മരിപ്പിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 8:48 pm

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ബുംറക്ക് കീഴില്‍ അയര്‍ലന്‍ഡില്‍ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ദി വില്ലേജില്‍ ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ പേരുദോഷം മാറ്റാന്‍ സഞ്ജുവിന് ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്.

വിന്‍ഡീസ് പര്യടനത്തിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 32 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. 10.62 മാത്രമാണ് സീരീസില്‍ താരത്തിന്റെ ആവറേജ്. ഇതിന് പിന്നാലെ സഞ്ജുവിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. സഞ്ജുവിനെ ഇനി ഒരിക്കലും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

തന്റെ നാച്ചുറല്‍ പൊസിഷനില്‍ നിന്നും മാറിയാണ് സഞ്ജു വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ ബാറ്റ് ചെയ്തിരുന്നത്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തിരുന്ന താരം മിഡില്‍ ഓര്‍ഡറിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലുമാണ് ബാറ്റ് ചെയ്തിരുന്നത്. ഇത് താരത്തിന്റെ മോശം പ്രകടനത്തിലാണ് വഴിവെച്ചത്.

എന്നാല്‍ ഈ പരമ്പരയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മൂന്നാം നമ്പറില്‍ തന്നെ സഞ്ജുവിന് എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ആദ്യ മത്സരത്തില്‍ താരം മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങുന്നത്. തിലക് വര്‍മ ഒരുപക്ഷേ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ താരം നാലാം നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ആ പൊസിഷനില്‍ നിന്നും മാറ്റാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ഈ സീരീസില്‍ സഞ്ജു തന്നെയായിരിക്കും മൂന്നാം നമ്പറിലെ ഫസ്റ്റ് ഓപ്ഷന്‍.

ഓപ്പണിങ്ങില്‍ യശസ്വി ജെയ്‌സ്വാളും വണ്‍ ഡൗണായി സഞ്ജു സാംസണുമെത്തുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡറിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നാം നമ്പറില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

അതേസമയം, ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവര്‍ പിന്നിടുമ്പോള്‍ 59ന് ആറ് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും 16 റണ്‍സ് നേടിയ മാര്‍ക് അഡയറിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് അവസാനമായി നഷ്ടപ്പെട്ടത്.

നിലവില്‍ 12 പന്തില്‍ 14 റണ്‍സ് നേടിയ കര്‍ടിസ് കാംഫറും മൂന്ന് പന്തില്‍ പൂജ്യം റണ്‍സുമായി ബാരി മക്കാര്‍ത്തിയുമാണ് ക്രീസില്‍.

ഇതുവരെ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

 

ഇന്ത്യ ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയ്.

അയര്‍ലന്‍ഡ് ഇലവന്‍

ആന്‍ഡ്രൂ ബാല്‍ബിര്‍ണി, പോള്‍ സ്റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക് അഡയര്‍, ജോഷ്വ ലിറ്റില്‍, ബാരി മക്കാര്‍ത്തി, ബെഞ്ചമിന്‍ വൈറ്റ്, ക്രെയ്ഗ് യങ്.

 

Content Highlight: Sanju Samson will play in number 3 position against Ireland