ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീട പോരാട്ടത്തിനായി നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഏയ്ഡന്‍ മര്‍ക്രവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് 2007ല്‍ ധോണിയുടെ കീഴില്‍ നേടിയ ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും രോഹിത് ശര്‍മയും കൂട്ടരും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.
ഫൈനല്‍ മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ കളത്തില്‍ ഇറങ്ങുന്നു എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതുവരെ ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിലാണ് സഞ്ജു ഇറങ്ങിയിരുന്നത്.
ഫൈനലിലും സഞ്ജു പുറത്തിരിക്കുകയും ഇന്ത്യ കിരീടം നേടുകയും ചെയ്താല്‍ ഒരു അപൂര്‍വ്വ നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുന്ന താരമായി മാറാന്‍ മലയാളി സൂപ്പര്‍ താരത്തിന് സാധിക്കും. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ലോകകപ്പിലും ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടുന്ന ടീമിന്റെ ഭാഗമാവുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.
2012 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് സഞ്ജു ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടിയത്. തന്റെ പതിനേഴാം വയസില്‍ ആണ് സഞ്ജു കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നത്. ആ സീസണില്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Sanju Samson waiting For a Rare Record in Cricket