ഐ.സി.സി ടി-20 ലോകകപ്പ് സൂപ്പര്‍ 8ലേക്ക് കടന്നിരിക്കുകയാണ് ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. അയര്‍ലാന്‍ഡ്, പാകിസ്ഥാന്, യു.എസ്.എ എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മറുഭാഗത്ത് അഫ്ഗാനിസ്ഥാന് മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ചപ്പോള്‍ അവസാന മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഉഗാണ്ട, പാപുവ ന്യൂ ഗ്വിനിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളെ തകര്‍ത്തുകൊണ്ടാണ് റാഷിദ് ഖാനും കൂട്ടരും ആദ്യം തന്നെ സൂപ്പര്‍ 8 ഉറപ്പിച്ചത്.
എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം വിജയിച്ചു കൊണ്ട് സമ്പൂര്‍ണമായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ എത്തിയ അഫ്ഗാന് വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ മത്സരത്തില്‍ ഇന്ത്യയ്ക്കായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ആദ്യ നാല് മത്സരങ്ങളിലും സഞ്ജുവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ആയിരുന്നു സഞ്ജു കളത്തില്‍ ഇറങ്ങിയത് ആ മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടാണ് താരം മടങ്ങിയത്. അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ സഞ്ജു ഇറങ്ങുകയാണെങ്കില്‍ മലയാളി താരത്തെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്.
മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന നേട്ടത്തിലേക്ക് നടന്നു കയറാന്‍ രാജസ്ഥാന് റോയല്‍സ് നായകന് സാധിക്കും.
ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Sanju Samson waiting for a new Milestone in T20