തുടര്‍ച്ചയായ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണിന് നേരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഒന്നൊന്നായി പറന്നിറങ്ങുകയാണ്. നേരത്തെ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയപ്പോള്‍ കയ്യടിച്ചവരേക്കാളേറെ ആളുകള്‍ താരം പരാജയപ്പെട്ടപ്പോള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
താരത്തിന്റെ ടീമിലുള്ള സ്ഥാനമടക്കം ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയത്. ഒപ്പം മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ സഞ്ജുവിനേക്കാള്‍ മികച്ചവരാണെന്നും ഇവര്‍ അവകാശപ്പെട്ടു.
ടി-20 ലോകകപ്പില്‍ സഞ്ജുവിനെ മറികടന്നുകൊണ്ട് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷബ് പന്താണ് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നാണ് ഇവരുടെ വാദം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ചോദ്യത്തിന് നിസ്സംശയം റിഷബ് പന്തിന്റെ പേര് പറയാന്‍ സാധിക്കും. എന്നാല്‍ ടി-20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ പന്ത് ആ വിശേഷണത്തിന് അര്‍ഹനാണോ? കണക്കുകള്‍ പരിശോധിക്കാം.
നിലവില്‍ 31 ഇന്നിങ്‌സിലാണ് സഞ്ജു ഇന്ത്യക്കായി ടി-20യില്‍ കളത്തിലിറങ്ങിയത്. ഇക്കാരണം കൊണ്ട് തന്നെ റിഷബ് പന്തിന്റെ ആദ്യ 31 ഇന്നിങ്‌സുകളുമായി സഞ്ജുവിന്റെ ടി-20 കരിയര്‍ താരതമ്യം ചെയ്യാം.
ആദ്യ 31 ഇന്നിങ്‌സില്‍ നിന്നുമായി 25.03 ശരാശരിയില്‍ 701 റണ്‍സാണ് സഞ്ജു നേടിയത്. അതേസമയം റിഷബ് പന്താകട്ടെ 21.65 ശരാശരിയില്‍ 563 റണ്‍സാണ് ആദ്യ 31 ഇന്നിങ്‌സില്‍ നിന്നുമായി സ്വന്തമാക്കിയത്.
151.07 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് നിലവില്‍ സഞ്ജുവിനുള്ളത്. ആദ്യ 31 ഇന്നിങ്‌സില്‍ 121.07 എന്ന പ്രഹരശേഷിയാണ് പന്തിനുണ്ടായിരുന്നത്.
രണ്ട് സെഞ്ച്വറിയും അത്രതന്നെ അര്‍ധ സെഞ്ച്വറിയും സഞ്ജു നേടിയപ്പോള്‍ ആദ്യ 31 ഇന്നിങ്‌സില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയാണ് പന്ത് സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ നേടിയ 111 ആണ് സഞ്ജുവിന്റെ ബെസ്റ്റ് സ്‌കോര്‍. അതേസയമം, ആദ്യ 31 ഇന്നിങ്‌സിന് ശേഷം പന്തിന്റെ പേരില്‍ കുറിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 65* ആണ്.
ഇതിനോടകം തന്നെ അഞ്ച് തവണ സഞ്ജു പൂജ്യത്തിന് പുറത്തായപ്പോള്‍ ആദ്യ 31 ഇന്നിങ്‌സില്‍ മൂന്ന് തവണ മാത്രമാണ് പന്ത് ഡക്കായി മടങ്ങിയത്.
നിലവില്‍ 66 ഇന്നിങ്‌സില്‍ നിന്നമായി 23.25 ശരാശരിയിലും 127.26 സ്‌ട്രൈക്ക് റേറ്റിലും 1209 റണ്‍സാണ് പന്ത് സ്വന്തമാക്കിയത്. ആദ്യ 31 ഇന്നിങ്‌സിന് ശേഷം 35 ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഒറ്റ അര്‍ധ സെഞ്ച്വറി മാത്രമാണ് പന്തിന് അധികമായി കണ്ടെത്താന്‍ സാധിച്ചത്. തന്റെ 17ാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 65* റണ്‍സ് തന്നെയാണ് ഇപ്പോഴും താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
അന്താരാഷ്ട്ര ടി-20യില്‍ പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നിങ്‌സുകളുടെ ഇംപാക്ടിലും സഞ്ജു തന്നെ മികച്ചുനില്‍ക്കുന്നു.
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ സഞ്ജുവിനെ വേട്ടയാടുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഞ്ജുവിന് സാധിക്കാത്ത പക്ഷം വിമര്‍ശകരുടെ ചൂണ്ടുവിരല്‍ രാജസ്ഥാന്‍ നായകന് നേരെ ഉയര്‍ന്നുകൊണ്ടേയിരിക്കും.
Content highlight: Sanju Samson vs Rishabh Pant: Stats comparison after 31 innings