ഐ.പി.എല്ലിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്. പ്ലേ ഓഫിലെ ആദ്യ എനിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു ബെംഗളൂരു കുതിച്ചത്.
റോയല്‍ ചാലഞ്ചേഴ്‌സിന്റെ യുവതാരം രജത് പാടിദാറിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ പുറത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഒരുവേള ജയിക്കും എന്ന് തോന്നിച്ചെങ്കിലും അവസാനം പൊരുതാന്‍ പോലും മറന്നാണ് ലഖ്‌നൗ മത്സരം കളഞ്ഞുകുളിച്ചത്.
കഴിഞ്ഞ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാല്‍ എല്ലാ ബൗളര്‍മാരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ തല്ല് വാങ്ങിയിട്ടുണ്ടെന്നതാണ്. ലഖ്‌നൗ നിരയില്‍ മൊഹസീന്‍ ഖാനും റോയല്‍ ചാലഞ്ചേഴ്‌സ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്.
ആര്‍.സി.ബിയുടെ സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് കഴിഞ്ഞ കളിയില്‍ മികച്ച രിതിയില്‍ തല്ലുവാങ്ങിയ ബൗളര്‍മാരില്‍ ഒരാള്‍. 4 ഓവര്‍ എിഞ്ഞ് 10.50 എക്കോണമിയില്‍ 42 റണ്‍സാണ് ഹസരങ്ക വഴങ്ങിയത്. മാരക ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ദീപക് ഹൂഡയെ പുറത്താക്കാനായി എന്നതുമാത്രമാണ് കഴിഞ്ഞ കളിയില്‍ താരത്തിന്റെ പ്രകടനം എന്ന നിലയില്‍ എടുത്ത് പറയാനുണ്ടായിരുന്നത്.
ഹസരങ്ക മോശം രീതിയില്‍ പന്തെറിയുന്നത് ഏറ്റവും സന്തോഷമുണ്ടാക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെയും സഞ്ജു സാംസണിന്റെയും ആരാധകര്‍ക്കാണ്. ഹസരങ്ക ശാപം സഞ്ജുവില്‍ നിന്നും ഒഴിഞ്ഞുപോവാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സും പരസ്പരം ഏറ്റമുട്ടിയ രണ്ട് തവണയും സഞ്ജുവിന്റെ വിക്കറ്റ് നേടിയത് വാനിന്ദു ഹസരങ്കയാണ്. ഇതിന് മുമ്പ് നാല് തവണയും സഞ്ജുവിന്റെ കാലനായതും ഹസരങ്ക തന്നെ.
അതായത് ആറ് തവണയാണ് സഞ്ജു-ഹസരങ്ക മത്സരത്തില്‍ സഞ്ജുവിനെ പരാജയപ്പെടുത്തി ഹസരങ്ക മേല്‍ക്കൈ നേടിയത്. രണ്ടാം ക്വാളിഫയറിനിറങ്ങുമ്പോള്‍ ഹസരങ്കയെ സഞ്ജു സാംസണ്‍ തച്ചുതകര്‍ക്കണം എന്നുതന്നെയാണ് ആരാധകര്‍ ആശിക്കുന്നത്.
എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ പ്രകടനം മാത്രം കണക്കിലെടുത്ത് വാനിന്ദു ഹസരങ്ക എന്ന മാജിക്കല്‍ സ്പിന്നറെ വിലയിരുത്തുന്നത് ഏറ്റവും വലിയ മണ്ടത്തരമാവും. ഇതിന് മുമ്പ് നടന്ന രണ്ട് മത്സരത്തിലെ കണക്കുകള്‍ പറയും ഹസരങ്കയെ ഒരിക്കലും വിലകുറച്ചുകാണാനാവില്ല എന്ന്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ നിന്നും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഹസരങ്ക നേടിയിട്ടുള്ളതെങ്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രമാണ് ശ്രീലങ്കന്‍ യുവരക്തം വഴങ്ങിയത്. അതിനൊപ്പം രണ്ടു വിക്കറ്റും സ്വന്തമാക്കി.
പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാമനായ ഹസരങ്ക 7.62 എന്ന എക്കോണമിയില്‍, 16.16 ആവറേജില്‍ പന്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ബെംഗളൂരു പോരാട്ടത്തേക്കാള്‍, ആരാധകര്‍ കാത്തിരിക്കുന്നത് സഞ്ജു – ഹസരങ്ക പോരാട്ടത്തിനാണെന്ന കാര്യത്തില്‍ സംശയമില്ല.
Content Highlight: Sanju Samson vs Hasaranga in IPL Qualifier 2