'നിങ്ങൾ ഇന്ത്യക്കായി ലോകകിരീടം നേടും' ഹൈദരാബാദ് സ്റ്റേഡിയത്തിൽ സഞ്ജുവിനെ തേടിയൊരാളെത്തി; വീഡിയോ
Cricket
'നിങ്ങൾ ഇന്ത്യക്കായി ലോകകിരീടം നേടും' ഹൈദരാബാദ് സ്റ്റേഡിയത്തിൽ സഞ്ജുവിനെ തേടിയൊരാളെത്തി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 12:19 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. നിലവില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റ് പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയും അടക്കം 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്.

ആവേശകരമായ മത്സരത്തിനു മുന്നോടിയായി ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും പിച്ച് ക്യൂറേറ്ററും തമ്മില്‍ മൈതാനത്ത് ഉള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

രാജസ്ഥാന്‍ റോയല്‍സ് അവരുടെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സഞ്ജു സാംസണും പിച്ച് ക്യൂറേറ്ററും തമ്മിലുള്ള ഹൃദയസ്പര്‍ശമായ വീഡിയോ ഇതിനോടകം തന്നെ ആരാധകരില്‍ വലിയതോതിലുള്ള ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

‘നിങ്ങള്‍ രാജ്യത്തിനുവേണ്ടി കളിക്കുക. നിങ്ങളുടെ ബാറ്റില്‍ നിന്നും ഒരുപാടു മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കട്ടെ. എന്റെ എല്ലാ പിന്തുണയും അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഞാന്‍ വളരെയധികം സന്തോഷവാനാണ് നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തും, ഈ ലോകകപ്പ് ഇന്ത്യ നേടും,’ പിച്ച് ക്യൂറേറ്റര്‍ സഞ്ജുവിനോട് പറയുന്നതായി വീഡിയോയില്‍ കാണാം.

ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പറായി അടുത്തിടെ സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സീസണില്‍ രാജസ്ഥാന് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മലയാളി താരത്തിനു മുമ്പില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കപ്പെട്ടത്.

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഹൈദരാബാദിയും സഞ്ജുവിന്റെ ബാറ്റില്‍ മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson video viral on Social media