| Monday, 6th May 2024, 7:54 am

സഞ്ജു ക്രിക്കറ്റിൽ മാത്രമല്ല ഫുട്‍ബോളിലും പുലി തന്നെ; ഒറ്റയടിക്ക് പോസ്റ്റ് പൊളിഞ്ഞുവീണു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാനഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായി പ്ലേയ് ഓഫിലേക്ക് മുന്നേറിയിരിക്കുകയാണ് സഞ്ജുവും കൂട്ടരും.

മെയ് ഏഴിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പരിശീലനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പരിശീലനത്തിനിടെ സഞ്ജുവിന് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ മുന്നിലുള്ള പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. സഞ്ജുവിന്റെ ഷോട്ട് കൃത്യമായി വലയില്‍ എത്തുകയും ഗോള്‍ പോസ്റ്റ് മറിഞ്ഞു വീഴുകയുമായിരുന്നു.

ഗോള്‍ നേടിയതിനുശേഷം ഉള്ള സഞ്ജുവിന്റെ സെലിബ്രേഷനും ഏറെ ശ്രദ്ധയമാണ്. ക്യാപ്റ്റന്‍ ഗോള്‍ നേടിയതിനു പിന്നാലെ സഹതാരങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്നതാണ് വീഡിയോയില്‍ പിന്നീട് നിറഞ്ഞു നില്‍ക്കുന്നത്. പ്രമുഖ കമന്റ്‌ററായ ഷൈജു ദാമോദരന്റെ പ്രസിദ്ധമായ കമന്റും ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2018 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരത്തിൽ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ മഴവില്‍ ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ ഷൈജു പറഞ്ഞ കമന്ററിയാണിത്. ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. വരാനിരിക്കുന്ന മത്സരങ്ങളിലും മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും മിന്നും പ്രകടനം ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

ഐ.പി.എല്‍ അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് സഞ്ജുവിന്റെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ ടീമില്‍ റിഷബ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്.

Content Highlight: Sanju Samson video viral on Social Media

We use cookies to give you the best possible experience. Learn more