നിര്‍ഭാഗ്യം കൂടെപിറപ്പ് പോലെ തുടരുന്നു; വീണ്ടും ഭാഗ്യമില്ലാതെ സഞ്ജു
Sports News
നിര്‍ഭാഗ്യം കൂടെപിറപ്പ് പോലെ തുടരുന്നു; വീണ്ടും ഭാഗ്യമില്ലാതെ സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd August 2023, 11:56 pm

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സിന്റെ ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഇന്ത്യ 145ല്‍ ഒതുങ്ങുകയായിരുന്നു. ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു.

ഓപ്പണര്‍മാര്‍ പരാജയമായ മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗത കൂട്ടിയത് അരങ്ങേറ്റക്കാരനായ തിലക് വര്‍മയാണ്. തിലക് ഒഴികെ മറ്റാര്‍ക്കും മികച്ച താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 22 പന്ത് നേരിട്ട് മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് അദ്ദേഹം നേടിയത്. മികച്ച ഫോമിലുണ്ടായിരുന്ന സഞ്ജു സാംസണ്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാകുകയായിരുന്നു. 12 പന്ത് നേരിട്ട് 12 റണ്‍സായിരുന്നു സഞ്ജു നേടിയത്.

അഞ്ചാമനായാണ് സഞ്ജു ക്രീസിലെത്തിയത്. മത്സരത്തില്‍ ഇന്ത്യ പതറുന്ന സമയമായിരുന്നു അത്, മത്സരം വിജയിപ്പിച്ചാല്‍ സഞ്ജുവിന് തീര്‍ച്ചയായും വീണ്ടും വീണ്ടും അവസരം ലഭിച്ചേനെ. പതിയെ തുടങ്ങിയ സഞ്ജു സികറടിച്ചുകൊണ്ട് തന്റെ താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ റണ്ണൗട്ടായി മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

16ാം ഓവറില്‍ ടീം സ്‌കോര്‍ 113ല്‍ നില്‍ക്കെയാണ് സഞ്ജു ഔട്ടായത്. സഞ്ജു പുറത്താകുമ്പോള്‍ ഇന്ത്യക്ക് 37 റണ്‍സ് കൂടെ മതിയായിരുന്നു വിജയിക്കാന്‍ എന്നാല്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ ചതിക്കുകയായിരുന്നു. കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ത്രോയിലായിരുന്നു സഞ്ജു പുറത്തായത്.

വിന്‍ഡീസിനായ ഒബെദ് മക്കോയ്, റോമന്‍ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 32 പന്ത് നേരിട്ട് 48 റണ്‍സെടുത്ത റവ്മന്‍ പവലായിരുന്നു വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറിനും അക്‌സര്‍ പട്ടേലിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

അതേസമയം ഇന്ത്യക്കായി മുകേഷ് കുമാറും തിലക് വര്‍മയും അരങ്ങേറ്റം കുറിച്ചു. ഈ പരമ്പരയില്‍ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാന്‍ ഇതോടെ മുകേഷിനായി. മത്സരത്തില്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും മൂന്ന് ഓവറില്‍ 24 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്.

Content Highlight: Sanju Samson Unluckly Got Run Out in First T20I Against Wi