ഐപി.എല്ലിന്റെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമുമായി ഉടക്കി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ടീമിന്റെ ഒൗദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു ചിത്രത്തിന് പിന്നാലെയാണ് താരം ടീമുമായി ഉടക്കിയത്.
തന്നെ കളിയാക്കിയ ടീമിന്റെ ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്താണ് സഞ്ജു തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള തമാശകള്‍ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ആസ്വദിക്കുകയായിരുന്നു താരം ചെയ്തത്.
ട്വിറ്റര്‍ പേജിന്റെ അഡ്മിന്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെ താനാണ് ടീമിന്റെ പുതിയ നായകന്‍ എന്ന ചഹലിന്റെ പോസ്റ്റിന് താരത്തെ അഭിനന്ദിച്ചെത്തിയ സഞ്ജു തന്നെയാണ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്തതെന്ന കാര്യവും ശ്രദ്ധേയമാണ്.
ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇന്ന് ഉച്ചയോടെയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കളിയാക്കിക്കൊണ്ടുള്ള ചിത്രം ടീം പങ്കുവെച്ചത്. ടീം ബസില്‍ ഇരിക്കുന്ന സഞ്ജുവിന്റെ തലയില്‍ തലപ്പാവും കണ്ണടയും ചെവിയില്‍ തോരണങ്ങളുമെല്ലാം തൂക്കിയുള്ളതായിരുന്നു ട്വീറ്റ് ചെയ്ത ചിത്രം. എന്തൊരു സുന്ദരനാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് സഞ്ജു ടീമുമായി ഉടക്കിയത്.
‘സുഹൃത്തുക്കളെ, സംഭവമൊക്കെ നന്നായിരിക്കുന്നു, പക്ഷെ ടീം എന്ന നിലയില്‍ പ്രൊഫഷണലായിരിക്കണം’ എന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റിന് സഞ്ജു നല്‍കിയ മറുപടി. പിന്നാലെ ട്വീറ്റ് ഡീലിറ്റ് ചെയ്ത് രാജസ്ഥാന്‍ താരത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ടീം ട്വീറ്റ് പിന്‍വലിച്ചെങ്കിലും സഞ്ജുവിന്റെ ട്വീറ്റ് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇപ്പോഴും ഉണ്ട്.
ഇതിന് പിന്നാലെയാണ് സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത്. ട്വിറ്ററില്‍ ആറ് ലക്ഷത്തിലധികം പേരാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. അതില്‍ സഞ്ജു ഫോളോ ചെയ്യുന്നതാകട്ടെ 60 പേരെയും, ഇതില്‍ രാജസ്ഥാന്‍ റോയല്‍സുണ്ടായിരുന്നില്ല.
കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മനസിലായതോടെ ടീം താരത്തെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ടീമിന്റെ ഡിജിറ്റല്‍ നയം തന്നെ പുന:പരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്മെന്റ് വ്യക്തമാക്കി.
മാര്‍ച്ച് 29നാണ് ടീമിന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍.
ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളൊന്നും തന്നെ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല എന്ന വിശ്വാസത്തിലാണ് ആരാധകര്‍.
Content Highlight: Sanju Samson unfollows Rajastan Royals from Twitter