ന്യൂദല്‍ഹി: കേരളാ രഞ്ജീ ടീം നായകന്‍ സഞ്ജു സാംസണ്‍ വീണ്ടും ദേശീയ ടീമിന്റെ പടിവാതിലില്‍. രഞ്ജീ ട്രോഫിയിലെ മിന്നും പ്രകടനമാണ് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ സഞ്ജുവിനെ എത്തിച്ചത്. കഴിഞ്ഞ ദിവസം കേരളം സൗരാഷ്ട്രയെ പരാജയപ്പെടുത്തിയത് സഞ്ജുവിന്റെ ബാറ്റിന്റെ കരുത്തിലായിരുന്നു.
ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ സാധ്യത വ്യക്തമാക്കി മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.എസ്.കെ പ്രസാദ് മനസു തുറന്നത്.
” സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനം നന്നായിട്ടുണ്ട്. സ്ഥിരത പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അവനത് ഗുണം ചെയ്യും. കൂടുതല്‍ ഓപ്ഷന്‍സുള്ളത് ഞങ്ങളെ സംബന്ധിച്ചും നല്ല കാര്യമാണ്.” പ്രസാദ് പറയുന്നു.
Also Read: മെര്‍സലും പത്മാവതിയും വിവാദമാക്കിയവര്‍ മുക്കി കളഞ്ഞ ഏഴ് പ്രധാനവാര്‍ത്തകള്‍
2013-14 ഐ.പി.എല്‍ പ്രകടനങ്ങളിലൂടെയാണ് സഞ്ജു രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. പിന്നീട് ധോണിയ്ക്ക് പകരക്കാരനായി ടീമിലേക്ക് ക്ഷണം കിട്ടിയെങ്കിലും കളിക്കാന്‍ സാധിച്ചില്ല. തൊട്ടടുത്ത വര്‍ഷം ട്വന്റി-20 യില്‍ സിംബാവെയ്‌ക്കെതിരായി സഞ്ജു ആദ്യ മത്സരം കളിക്കാനിറങ്ങി.
നടന്നു കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ സഞ്ജുവിന്റെ പ്രകടനമാണ് കേരളാടീമിന്റെ നട്ടെല്ല്. അഞ്ച് മത്സരങ്ങളില്‍ നിന്നും 561 റണ്‍സ് നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായുള്ള പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചാല്‍ സഞ്ജുവിന് നറുക്കു വീഴുമെന്നാണ് വിലയിരുത്തലുകള്‍.