സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണെ നായകനാക്കി 18 അംഗ സ്‌ക്വാഡിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം മൂന്ന് താരങ്ങളെ ട്രാവലിങ് റിസര്‍വുകളായും സ്‌ക്വാഡിന്റെ ഭാഗമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍ തുടങ്ങി എണ്ണം പറഞ്ഞ താരങ്ങള്‍ കേരളത്തിനൊപ്പമുണ്ട്.
ഇതിന് പുറമെ കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അബ്ദുള്‍ ബാസിത്തും ഷറഫുദീനും സ്‌ക്വാഡിന്റെ ഭാഗമാണ്.
ഇന്ത്യന്‍ ടീമിനൊപ്പമെന്ന പോലെ സഞ്ജു കേരളത്തിനായും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയുമായി തിളങ്ങിയ താരം കേരളത്തിനായും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അടുത്ത വര്‍ഷമാണ് ഇന്ത്യ ഇനിയൊരു ടി-20 പരമ്പര കളിക്കുക. ഇംഗ്ലണ്ടാണ് എതിരാളികള്‍. അടുത്ത പരമ്പരക്ക് രണ്ട് മാസത്തോളം സമയമുണ്ടെന്നിരിക്കെ ഇടവേളയെടുക്കേണ്ട എന്ന നിലപാടാണ് സഞ്ജുവിനുള്ളത്.
ടൂര്‍ണമെന്റിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അനിവാര്യമാണ്. ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിലും വിക്കറ്റിന് പിന്നിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജുവിനെ മുഷ്താഖ് അലി ട്രോഫി സഹായിച്ചേക്കും.
ടൂര്‍ണമെന്റില്‍ ഇതുവരെ കേരളത്തിന് കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഈ കുറവ് ഇത്തവണ ടീം മറികടക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സെക്കന്ദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.
സര്‍വീസസിനൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളത്തിന്റെ സ്ഥാനം. മുംബൈ അടക്കമുള്ള കരുത്തര്‍ ഗ്രൂപ്പ് ഇ-യുടെ ഭാഗമാണ്.
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത് പി.എ, അഖില്‍ സ്‌കറിയ, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, വൈശാഖ് ചന്ദ്രന്‍, വിനോദ് കുമാര്‍ സി.വി, ബേസില്‍ എന്‍.പി, ഷറഫുദ്ദീന്‍ എന്‍.എം, നിധീഷ് എം.ഡി.
ട്രാവലിങ് റിസര്‍വുകള്‍
വരുണ് നായനാര്‍, ഷോണ്‍ റോജര്‍, അഭിഷേക് ജെ. നായര്‍.
സയ്യിദ് മുഷ്താഖ് അലി ട്രോഫി
ബി.സി.സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊമസ്റ്റിക് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT). മുന്‍ താരം സയ്യിദ് മുഷ്താഖ് അലിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി ട്രോഫിയുടെ ഭാഗമാകുന്ന ടീമുകള്‍ തന്നെയാണ് ഈ ടൂര്‍ണമെന്റിന്റെയും ഭാഗമാകുന്നത്.
2006-07 സീസണിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഉദ്ഘാടന സീസണില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ തമിഴ്‌നാടാണ് ആദ്യ കിരീടം സ്വന്തമാക്കിയത്.