ന്യൂസിലാന്‍ഡ് എ ടീമിനെതിരെയുള്ള ഇന്ത്യന്‍ എ ടീമിന്റെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ചെന്നൈയില്‍ വെച്ചാണ് നടക്കുന്നത്.
സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന പരമ്പര 27നാണ് അവസാനിക്കുക. 17 അംഗ സ്‌ക്വാഡില്‍ പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദും, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ് ഭരത്താണ്. ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഈ പരമ്പരക്ക് സാധിക്കും.
കഴിഞ്ഞ ആഴ്ച തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ ഒരുപാട് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇന്ത്യന്‍ ടീമിനെതിരെ വന്നിരുന്നു.
സഞ്ജു ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്നാണ് ആരാധകര്‍ വാദിച്ചത്. ഈ വര്‍ഷം ഐ.പി.എല്ലിലും അതിന് ശേഷം കിട്ടിയ അവസരങ്ങളെല്ലാം തന്നെ സഞ്ജു മുതലാക്കിയിരുന്നു.
അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിലും പിന്നീട് വന്ന വിന്‍ഡീസ് പരമ്പരയിലും സിംബാബ് വെ പരമ്പരയിലുമെല്ലാം അദ്ദേഹം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പിലും ഇപ്പോള്‍ ലോകകപ്പ് ടീമിലും അദ്ദേഹത്തെ ഇന്ത്യന്‍ ടീം ഉള്‍പ്പെടുത്തിയില്ല.
ഇതിന് പിന്നാലെയായിരുന്നു ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോര്‍മുകളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള എ ടീമില്‍ നായകനാക്കിയത് സഞ്ജു ഫാന്‍സിന്റെ കലിപ്പ് കുറച്ചിട്ടുണ്ടാകണം.
ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ഇന്ത്യന്‍ എ ടീം; പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടിദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അംഗദ് ബാവ.
Content Highlight: Sanju Samson to captain India A against Newzealand A