ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കി. ഇതോടെ നീണ്ട 13 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. 2007 ന് ശേഷം ടി-20 കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനും രോഹിത് ശര്‍മക്കും കൂട്ടര്‍ക്കും സാധിച്ചു.
കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഈ കിരീടനേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തേടിയെത്തിയത്. ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമായി മാറാനാണ് സഞ്ജുവിന് സാധിച്ചത്. ഈ ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ മലയാളി താരത്തിന് സാധിച്ചത് ഏറെ ശ്രദ്ധേയമാണ്.
ഇതിനുമുമ്പ് ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മലയാളി താരങ്ങള്‍ എസ്.ശ്രീശാന്തും സുനില്‍ വാല്‍സനുമാണ്. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സുനില്‍. എന്നാല്‍ സുനിലിന് ആ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ടീമിന്റെ കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ സുനിലിന് സാധിച്ചു.
2007 ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും വിജയിക്കുമ്പോള്‍ ശ്രീശാന്ത് ആയിരുന്നു ഇന്ത്യന്‍ ടീമിലെ രണ്ടാമത്തെ മലയാളി താരം. 2007 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അവസാന നിമിഷങ്ങളില്‍ മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ച് നേടിക്കൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിക്കാനും ശ്രീശാന്തിന് സാധിച്ചിരുന്നു. 2011 ലോകകപ്പ് വിജയത്തിലും താരം പങ്കാളിയായി. ആ ലോകകപ്പില്‍ ഫൈനല്‍ അടക്കം രണ്ടു മത്സരങ്ങളിലാണ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചത്.
ഇപ്പോഴിതാ നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ സഞ്ജു സാംസണിലൂടെ വീണ്ടും കേരള ക്രിക്കറ്റ് പ്രേമികള്‍ അഭിമാനിക്കുകയാണ്. ഇതോടെ ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയ ടീമില്‍ എല്ലാം ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ള ചരിത്രം ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്.
Content Highlight: Sanju Samson Third Kerala Player to the part of India World Cup win