| Sunday, 14th April 2024, 9:55 am

പത്താം നമ്പറിൽ കളിക്കുന്ന ഒരു താരത്തെ എന്തിനാണ് ഓപ്പണിങ് ഇറക്കിയത്? വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.  മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ്ങില്‍ ഇന്ത്യന്‍ താരം തനുഷ് കൊട്ടിയാന്‍ ആയിരുന്നു ഇറങ്ങിയിരുന്നത്. ഇന്ത്യന്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് പട്‌ലറിന് ആദ്യ ലെവലില്‍ അവസരം നല്‍കാതെ ആയിരുന്നു രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെതിരെ കളത്തില്‍ ഇറങ്ങിയത്. ഓപ്പണിങ്ങില്‍ 31 പന്തില്‍ 24 റണ്‍സാണ് തനുഷ് നേടിയത്. മൂന്ന് ഫോറുകള്‍ ആയിരുന്നു താരം നേടിയത്.

ബട്‌ലറിനു പകരം കൊട്ടിയാനെ രാജസ്ഥാന്‍ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത് ഏറെ ശ്രദ്ധേയമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ടാം നമ്പറിലും അതിനു താഴെയുമാണ് കൊട്ടിയാന്‍ ഇറങ്ങുന്ന പൊസിഷന്‍.  രാജസ്ഥാന്റെ ഓപ്പണിങ് സ്ഥാനം കൊട്ടിയാന് നല്‍കിയതിനെക്കുറിച്ച് മത്സരശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

‘അവന്‍ ഒരു ഓള്‍റൗണ്ടര്‍ ആയിട്ടാണ് ടീമില്‍ വന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം ആയിരുന്നു കൊട്ടിയാന്‍ നടത്തിയത്. പരിശീലന സമയങ്ങളില്‍ അവന്‍ നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ അത് അസ്വസ്ഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. അടുത്ത മത്സരത്തില്‍ ബട്‌ലര്‍ തിരിച്ചുവരും. എന്നാല്‍ ഈ മത്സരത്തില്‍ കൊട്ടിയാനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു,’ സഞ്ജു സാംസങ് മത്സരശേഷം പറഞ്ഞു.

അടുത്തിടെ അവസാനിച്ച രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു തനുഷ് കൊട്ടിയാന്‍. മുംബൈ 42ാം രഞ്ജി ട്രോഫി കിരീടം ഉയര്‍ത്തുമ്പോള്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനമാണ് കൊട്ടിയാന്‍ നടത്തിയത്.

രഞ്ജി ട്രോഫിയില്‍ 502 റണ്‍സും 29 വിക്കറ്റുകളും നേടികൊണ്ട് രഞ്ജിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടാനും കൊട്ടിയാന് സാധിച്ചു. ടി-20 ക്രിക്കറ്റില്‍ 22 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

അതേസമയം രാജസ്ഥാനായി യശ്വസി ജെയ്‌സ്വാള്‍ 28 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ഷിര്‍മോണ്‍ ഹെറ്റ്മെയര്‍ ആണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 270 സ്ട്രൈക്ക് റേറ്റില്‍ ഒരു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 10 പന്തില്‍ നിന്നും 27 റണ്‍സുമായാണ് വിന്‍ഡീസ് താരം നിര്‍ണായകമായത്.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍ ആണ് വേദി.

Content Highlight: Sanju Samson talks why Tanush Kotiyan play for opening against punjab kings

We use cookies to give you the best possible experience. Learn more