ട്രെന്റ് ബോൾട്ട് ഉണ്ടായിട്ടും ആവേശ് ഖാന് അവസാന ഓവർ കൊടുത്തതിന്റെ കാരണം അതാണ്; വെളിപ്പെടുത്തി സഞ്ജു സാംസൺ
Cricket
ട്രെന്റ് ബോൾട്ട് ഉണ്ടായിട്ടും ആവേശ് ഖാന് അവസാന ഓവർ കൊടുത്തതിന്റെ കാരണം അതാണ്; വെളിപ്പെടുത്തി സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th March 2024, 3:22 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ ട്രെന്റ് ബോള്‍ട്ടും നാന്ധ്ര ബര്‍ഗറും സഞ്ജുവിന് മുന്നില്‍ ഓപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ സഞ്ജു അവസാന ഓവര്‍ എറിയാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ആവേശ് ഖാനെയാണ് തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൃത്യമായി ആവേഷ് ഗ്രൗണ്ടില്‍ നടപ്പാക്കിയത് ആയിരുന്നു പിന്നീട് കണ്ടത്.

മത്സരത്തില്‍ അവസാന ഓവറില്‍ ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ 17 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ആവേഷ് മികച്ച യോര്‍ക്കറിലൂടെ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം നേടികൊടുക്കുകയായിരുന്നു. വെറും നാല് റണ്‍സ് മാത്രം വിട്ടു നല്‍കിക്കൊണ്ട് ആയിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ നാലു ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് ആണ് താരം നേടിയത്.

ഇപ്പോഴിതാ മത്സരത്തില്‍ ബോള്‍ട്ടിനും ബര്‍ഗറിനും അവസാന ഓവര്‍ കൊടുക്കാത്തതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍.

‘കളിക്കളത്തില്‍ ഓരോ കളിക്കാരനും വ്യത്യസ്ത നിമിഷങ്ങളില്‍ ഏതു മാനസികാവസ്ഥയിലാണ് എന്ന് തിരിച്ചറിയുക എന്നുള്ളതാണ് പ്രധാന കാര്യം. കളിയിലെ പല ഘട്ടങ്ങളിലും കാലങ്ങളുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരും. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ കളിക്കാരുടെ കളിക്കളത്തിലെ പെരുമാറ്റങ്ങള്‍ നിരീക്ഷിച്ചു കൊണ്ടാണ് തീരുമാനങ്ങള്‍ എടുക്കുക. അതുകൊണ്ടാണ് പത്തൊമ്പതാം ഓവര്‍ ഞാന്‍ സാന്‍ഡിക്ക് കൊടുത്തത്. ആവേശ് വളരെ ശാന്തനായിരുന്നു അതുകൊണ്ടാണ് അവനെ ഞാന്‍ അവസാന ഓവര്‍ എറിയാന്‍ കൊണ്ടുവന്നത്,’ സഞ്ജു പറഞ്ഞു.

അതേസമയം റോയല്‍സ് ബാറ്റിങ്ങില്‍ റിയാന്‍ പരാഗ് 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടി കരുത്തുകാട്ടി. ഏഴ് ഫോറുകളും ആറു കൂറ്റന്‍ സിക്‌സുകളും ആണ് താരം നേടിയത്.

ക്യാപ്പിറ്റല്‍സ് ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 23 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തി.

ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju samson talks w hy he choose Avesh  khan to bowl last over against Delhi Capitals