ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍ സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ബൗളിങ്ങില്‍ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മുംബൈ താരങ്ങളായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക വര്‍മ, ടിം ഡേവിഡ്, ജെറാള്‍ഡ് കൊട്‌സീ എന്നിവരെ പുറത്താക്കിയാണ് സന്ദീപ് ശര്‍മ കരുത്തുകാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സന്ദീപ് സ്വന്തമാക്കി.
ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രാജസ്ഥാന്റെ പ്രകടനങ്ങളെ കുറിച്ച് സഞ്ജു സംസാരിച്ചു. സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍, അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് ശര്‍മ എന്നിവര്‍ക്ക് പുറമെ രാജസ്ഥാന്റെ വിജയത്തില്‍ എല്ലാ താരങ്ങള്‍ക്കും ക്രെഡിറ്റ് നല്‍കണമെന്നാണ് സഞ്ജു പറഞ്ഞത്.
‘മത്സരം വിജയിച്ചതിന്റെ ക്രെഡിറ്റ് എല്ലാ താരങ്ങള്‍ക്കും ഉള്ളതാണ് പവര്‍പ്ലെയില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് മത്സരം തുടങ്ങിയത്. മധ്യനിരയില്‍ ജെയ്‌സ്വാള്‍ അവിശ്വസനീയമായ രീതിയിലാണ് കളിച്ചത്. മത്സരത്തില്‍ ഞങ്ങള്‍ തിരിച്ചുവന്ന സാഹചര്യങ്ങളിലാണ് വിജയം നേടിയെടുത്തത്,’ സഞ്ജു സാംസണ്‍ മത്സരശേഷം പറഞ്ഞു.
ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു തോല്‍വിയുമായി 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 27ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson talks Rajasthan Royals great performance in IPL