| Thursday, 2nd May 2024, 3:15 pm

കേരളത്തിലെ ഒരു പയ്യൻ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും കഴിവ് വേണം: സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണില്‍ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ 15 അംഗ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടിയത് ഏറെ ശ്രദ്ധേയമായി. റിഷഭ് പന്തും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പാക്കുന്നതിനു വേണ്ടി മത്സരത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്യാപ്റ്റന്‍സ് സ്പീക്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മലയാളി സൂപ്പര്‍ താരം.

‘ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെ കളിക്കുമ്പോള്‍ ഒരുപാട് താരങ്ങള്‍ മികച്ച കഴിവും പ്രതിഭയും ഉള്ള ആളുകളാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതിനാല്‍ ഇന്ത്യ ഇത്തരത്തില്‍ നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്താണെന്ന് ഞാന്‍ കരുതുന്നു. കേരളത്തില്‍ നിന്നുള്ള ഒരു പയ്യന്‍ ഇന്ന് ദേശീയ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കണം എങ്കില്‍ അയാള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം,’ സഞ്ജു സാംസണ്‍ പറഞ്ഞു.

2015ല്‍ സിംബാബ്വെക്കെതിരെയാണ് സഞ്ജു ടി-20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിനത്തില്‍ കളിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി 14 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സ് ആണ് സഞ്ജു നേടിയത്. 22 ടി-20 ഇന്നിങ്‌സ് കളിച്ച താരം ഒരു അര്‍ധസെഞ്ച്വറി അടക്കം 374 റണ്‍സും നേടിയിട്ടുണ്ട്.

ഐ.പി.എല്ലിന്റെ ഈ സീസണിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

സഞ്ജുവിന്റെ കീഴില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. നിലവില്‍ 9 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റ് കൂടി പ്ലേ ഓഫിലേക്ക് കുതിക്കുകയാണ് സഞ്ജുവും കൂട്ടരും.

Content Highlight: Sanju Samson talks his cricket life

We use cookies to give you the best possible experience. Learn more