| Wednesday, 29th May 2024, 11:30 am

ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്താനാണ് ഞാൻ കാത്തിരിക്കുന്നത്: സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. 2007ന് ശേഷം കുട്ടി ക്രിക്കറ്റിന്റെ കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പം തന്റെ ആദ്യ മേജര്‍ ടൂര്‍ണമെന്റ് ആയി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇപ്പോഴിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് എന്നില്‍ വളരെയധികം വിശ്വാസം ഉണ്ടായിരുന്നു. കാര്യങ്ങള്‍ പഴയതുപോലെ ആവാതെ എല്ലാം മാറുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ കഴിവിനോട് ഞാന്‍ നീതിപുലര്‍ത്തിയാല്‍ എനിക്ക് അത് ഉപയോഗപ്രദമാകും എന്ന് ഞാന്‍ കരുതി. ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വേദിയില്‍ കളിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ എന്റെ രാജ്യത്തിനായി എനിക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണില്‍ മികച്ച പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നും സഞ്ജു നടത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികൾ ഉള്‍പ്പെടെ 531 റണ്‍സാണ് മലയാളി താരം അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

അതേസമയം 2015ല്‍ സിംബാബ്വെക്കെതിരെയാണ് സഞ്ജു ടി-20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കൊപ്പം 22 ഇന്നിങ്സില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി അടക്കം 374 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിനത്തില്‍ കളിക്കുന്നത്. ഏകദിനത്തില്‍ 14 ഇന്നിങ്സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു മികച്ച പ്രകടങ്ങള്‍ നടത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Sanju Samson talks about upcoming T20 Worldcup

Latest Stories

We use cookies to give you the best possible experience. Learn more