ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നിലുള്ള വൈകാരികമായ യാത്രയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.
‘ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയത് വളരെ വൈകാരികമായ ഒരു കാര്യമായിരുന്നു. ഞാന്‍ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നതില്‍ ഞാന്‍ വളരെ അടുത്തല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണില്‍ എനിക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന് ഉണ്ടായിരുന്നു.
ഈ ഐ.പി.എല്ലില്‍ ഞാന്‍ എന്റെ ഫോണ്‍ മാറ്റി വെക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി എന്റെ ഫോണ്‍ ഓഫാണ്. ലോകകപ്പ് ടീമില്‍ ഇടം നേടാനും ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്താനും ഞാന്‍ ആഗ്രഹിച്ചു അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ഞാന്‍ കരുതി,’ സഞ്ജു സാംസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
2024 ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് മലയാളി താരം അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം ക്വാളിഫയര്‍ വരെ കൈപ്പിടിച്ചു കൊണ്ടുപോവാനും സഞ്ജുവിന് സാധിച്ചിരുന്നു.
അതേസമയം ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈസ്റ്റ് മെഡോയാണ് വേദി.