രാജസ്ഥാന്റെ വിജയത്തിൽ സന്തോഷമുണ്ട്, പക്ഷെ ടീം ഇപ്പോൾ നേരിടുന്ന പ്രധാന ആശങ്ക അതാണ്: വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
Cricket
രാജസ്ഥാന്റെ വിജയത്തിൽ സന്തോഷമുണ്ട്, പക്ഷെ ടീം ഇപ്പോൾ നേരിടുന്ന പ്രധാന ആശങ്ക അതാണ്: വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd May 2024, 9:40 am

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ‘

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്റെ ഈ തകര്‍പ്പന്‍ വിജയത്തിന് ശേഷം നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചു.

‘ഞാന്‍ മത്സരത്തിനു മുമ്പ് ടോസ് നേടുമ്പോള്‍ പറഞ്ഞതുപോലെ ക്രിക്കറ്റും ജീവിതവും നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. മികച്ച സമയവും മോശം സമയവും ഉണ്ടാകുമെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. പക്ഷേ മോശം സമയങ്ങളില്‍ നിന്ന് തിരിച്ചു കയറുക എന്നതാണ് പ്രധാനം. നോകൗട്ടില്‍ എത്തുന്നതിനു മുമ്പായി ഞങ്ങള്‍ ഒരുപാട് കളികള്‍ പരാജയപ്പെട്ടിരുന്നു, ആ സമയങ്ങളില്‍ ഞങ്ങള്‍ സ്വയം ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ ഇന്ന് എല്ലാവരും മികച്ച പ്രകടനം നടത്തിയത് കണ്ടതില്‍ വളരെയധികം സന്തോഷമുണ്ട്. ഇന്നത്തെ വിജയത്തിലെ എല്ലാ ക്രെഡിറ്റും ഞങ്ങളുടെ താരങ്ങള്‍ക്ക് തന്നെയാണ്. എതിര്‍ ടീമിലെ ബാറ്റര്‍മാര്‍ക്കെതിരെ എന്ത് ബോള്‍ ചെയ്യണമെന്നും ഫീല്‍ഡിങ് എങ്ങനെ സെറ്റ് ചെയ്യണം എന്നും ഞങ്ങള്‍ ധാരാളം സമയമെടുത്ത് ആലോചിച്ച് പഠിച്ചിരുന്നു. സംഗയും ഷെയ്ന്‍ ബോണ്ടും ചേര്‍ന്ന് ഇതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് അവരും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്.

ഞങ്ങളുടെ ബാറ്റിങ് യൂണിറ്റ് നോക്കിയാല്‍ മനസ്സിലാവും ഒരുപാട് യുവതാരങ്ങളുടെയും പരിചയസമ്പന്നരും ഉള്ള ഒരു ടീമാണ് രാജസ്ഥാന്‍. ജെയ്സ്വാള്‍, പരാഗ്, ജുറല്‍ ഇവര്‍ക്കൊന്നും വേണ്ടത്ര അനുഭവസമ്പത്ത് ഇല്ല. എന്നാല്‍ അവര്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. ഇതും തീര്‍ത്തും അത്ഭുതകരമായ ഒന്നാണ്.

രാജസ്ഥാന്‍ റോയല്‍സില്‍ കുറച്ചു താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റല്ലെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

‘ഞങ്ങളില്‍ കുറച്ചുപേര്‍ 100% ഫിറ്റ് അല്ല. യഥാര്‍ത്ഥത്തില്‍ 100% അല്ല. ഞങ്ങളുടെ ഡ്രസിങ് റൂമില്‍ ഒരു ബഗ് ഉണ്ട്. ചില താരങ്ങള്‍ക്ക് ചുമ ഉണ്ട്, ചിലര്‍ക്ക് സുഖമില്ല. എന്നാല്‍ ഈ വിജയം ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമാണ് നല്‍കിയിട്ടുള്ളത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

മെയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ചെന്നൈ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson talks about Rajasthan Royals Performance