ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് അഞ്ചു വിക്കറ്റുകള്‍ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തോല്‍വിക്ക് മത്സരശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പ്രതികരിക്കുകയും ചെയ്തു.
‘ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് കൂടി മത്സരത്തില്‍ ആവശ്യമായിരുന്നു. കളിയില്‍ 10-15 റണ്‍സ് കുറവായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ഇവിടെ 160 റണ്‍സിന് മുകളില്‍ റണ്‍സ് ഞങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നന്നായി കളിച്ചിരുന്നില്ല അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്.
ഞങ്ങള്‍ പരാജയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി ഞങ്ങള്‍ പരാജയപ്പെട്ടു. ഒരു ടീം എന്ന രീതിയില്‍ ഞങ്ങള്‍ കളിക്കാത്തതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം. ഞങ്ങള്‍ക്ക് ധാരാളം മാച്ച് വിന്നര്‍മാര്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇനിയും ഒരുപാടു മുന്നോട്ട് പോവേണ്ടതുണ്ട്,’ സഞ്ജു സാംസണ്‍ പറഞ്ഞു.
മത്സരം പരാജയപ്പെട്ടെങ്കിലും സഞ്ജുവും കൂട്ടരും നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയതിന് ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.
നിലവില്‍ 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു വിജയവും അഞ്ചു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മെയ് 19ന് ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson talks about Rajasthan Royals loss against Punjab Kings