Cricket
ഞങ്ങളുടെ ടീമിനായി കളിക്കാൻ താത്പര്യമുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു: സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 07, 07:36 am
Saturday, 7th September 2024, 1:06 pm

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെപ്പമുള്ള പരിശീലനകനായുള്ള ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് രാജസ്ഥാന്‍ ദ്രാവിഡിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ഇപ്പോള്‍ ദ്രാവിഡുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. 2013ല്‍ ദ്രാവിഡ് ട്രയല്‍സിന്റെ സമയത്ത് തന്റെ അടുത്തേക്ക് വന്നുകൊണ്ട് അഭിനന്ദിച്ചു എന്നാണ് സഞ്ജു പറഞ്ഞത്.

‘അന്ന് രാഹുല്‍ സാര്‍ എന്നോട് പറഞ്ഞു. നീ മികച്ച കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ടീമിനായി നിങ്ങള്‍ക്ക് കളിക്കാൻ താത്പര്യമുണ്ടോ? അതെനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി. ഇതിഹാസമായ രാഹുല്‍ സാറില്‍ നിന്ന് ഇത്തരത്തില്‍ ഒരു അഭിനന്ദനങ്ങള്‍ ലഭിച്ചത് എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി,’ സഞ്ജു സാംസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് സഞ്ജു റോയല്‍സ് ടീമിലേക്ക് കടന്നുവന്നത്. സഞ്ജു അണ്ടർ 19 സമയങ്ങളില്‍ കളിക്കുമ്പോഴും ദ്രാവിഡുമായി സഞ്ജു മികച്ച ബന്ധമാണ് സൃഷ്ടിച്ചെടുത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ നേടിയ കിരീടം മാത്രമേ രാജസ്ഥാന്റെ ഷെല്‍ഫിലുള്ളൂ. ഇതിനുശേഷം ഒരിക്കല്‍ പോലും ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. 2022ല്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഫൈനല്‍ വരെ മുന്നേറാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് സഞ്ജുവിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ക്വാളിഫയര്‍ രണ്ട് വരെ എത്താന്‍ രാജസ്ഥാന്‍ സാധിച്ചുള്ളൂ. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയ സഞ്ജുവും കൂട്ടരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി നേരിടുകയായിരുന്നു.

ഇപ്പോള്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ രാജസ്ഥാന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ മടങ്ങിവരവ് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നീണ്ട വര്‍ഷക്കാലത്തെ റോയല്‍സിന്റെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ 2025ല്‍ ദ്രാവിഡിന് സാധിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

 

Content Highlight: Sanju Samson Talks About Rahul Dravid