ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയിരുന്നു.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സ്‌ക്വാഡില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയില്‍ ഇടം നേടിയ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ മികച്ച പ്രകടനം നടത്തുകയായിരുന്നു.
ഇപ്പോഴിതാ തന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.
കളിക്കളത്തില്‍ ശ്രദ്ധ മുഴുവനും തന്റെ ഗെയിമിനെ നിയന്ത്രിക്കുന്നത് മാത്രമായിരിക്കുമെന്നാണ് സഞ്ജു പറഞ്ഞത്.
‘ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ മൈതാനത്തിന് പുറത്ത് നടക്കുന്ന പല കാര്യങ്ങളും മാനസികമായി വലിയ വെല്ലുവിളികള്‍ നല്‍കുന്നതാണ്. ഇപ്പോള്‍ എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആളുകള്‍ക്ക് പല ചോയിസുകളും ഉണ്ടായിരിക്കും എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.
എന്റെ ജീവിതത്തില്‍ എന്ത് തിരിച്ചടികള്‍ ഉണ്ടായാലും വലിയ പരാജയങ്ങള്‍ നേരിട്ടാലും അതിനെകുറിച്ചൊന്നും പരാതികള്‍ പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ എപ്പോഴും എന്നോട് തന്നെ ചോദിക്കും എനിക്ക് കളിക്കളത്തില്‍ എന്തെല്ലാം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന്. വിജയ് ഹസാരെ ട്രോഫിയില്‍ ഞാന്‍ കേരള ടീമിനൊപ്പം കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം നടത്താന്‍ ശ്രമിച്ചു അത് എത്രമാത്രം മുതലാക്കാന്‍ എനിക്ക് കഴിയും എന്നിവയെല്ലാം,’ സഞ്ജു സാംസണ്‍ ബി. സി. സി. ഐ പോസ്റ്റ് ഗെയിമിലൂടെ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കെതിരെ 114 പന്തില്‍ 108 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനുവേണ്ടിയും സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നും 293 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.
Content Highlight: Sanju samson talks about his performance.