സംഭവം സിമ്പിളാണ്, സാഹചര്യം നോക്കുക...; ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണ്‍ മനസ് തുറക്കുന്നു
trending
സംഭവം സിമ്പിളാണ്, സാഹചര്യം നോക്കുക...; ഇന്നിങ്‌സിന് ശേഷം സഞ്ജു സാംസണ്‍ മനസ് തുറക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st August 2023, 11:56 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ അടിച്ചുകളിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിശ്ചിത ഓവറില്‍ 351 റണ്‍സാണ് നേടിയത്.

ഇന്ത്യക്കായി ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടിയിരുന്നു. കിഷന്‍ 64 പന്ത് നേരിട്ട് 77 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 92 പന്തില്‍ 85 റണ്‍സ് നേടി. നാലമനായിറങ്ങിയ സഞ്ജു 51ും അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത ഹര്‍ദിക്ക് പാണ്ഡ്യ 70ും റണ്‍സ് സ്വന്തമാക്കി.

ആരാധകര്‍ ഏറെ കാത്തുനിന്ന സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനായിരുന്നു ബ്രയാന്‍ ലാറ സ്‌റ്റേഡിയം സാക്ഷിയായത്. ടീം സ്‌കോര്‍ 154ല്‍ നില്‍ക്കെ നാലാമനായായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്.

പ്രതീക്ഷകളുടെ അമിതഭാരവും ഏറെ കാത്തുനിന്ന കിട്ടിയ അവസരങ്ങളും അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോകുന്നുണ്ടാകണം, അദ്ദേഹം പതിയെ നോക്കി കളിക്കുമെന്നൊക്കെ കരുതിയിരുന്ന ആരാധകരെയും കമന്ററി ബോക്‌സിലുള്ളവരെയും ഞെട്ടിച്ചുകൊണ്ട് നേരിട്ട രണ്ടാം പന്ത് തന്നെ സഞ്ജു ബൗണ്ടറി കടത്തി. കൂറ്റന്‍ സിക്‌സര്‍, വരാന്‍ പോകുന്ന വെടിക്കെട്ടിന് സൂചന നല്‍കുന്നതായിരുന്നു അത്.

പിന്നീട് താരം അപ്പുറത്ത് ഗില്ലിനെ സാക്ഷിയാക്കി സ്‌കോറിങ്ങിന് വേഗത കൂട്ടുകയായിരുന്നു. മികച്ച ഓപ്പണിങ് പാര്‍ട്ടനര്‍ഷിപ്പിന് ശേഷം വേഗത കുറയാന്‍ തുടങ്ങിയ ഇന്ത്യയെ പിടിച്ചെഴുന്നേല്‍പ്പിച്ചത് സഞ്ജുവിന്റെ ഇന്നിങ്‌സായിരുന്നു. 41 പന്ത് നേരിട്ട് 51 റണ്‍സാണ് താരം അടിച്ചുക്കൂട്ടിയത്.

സെഞ്ച്വറികളും വലിയ സ്‌കോറുകളും മാത്രമല്ല ക്രിക്കറ്റിന്റെ ഭംഗിയും ഒരു ബാറ്ററുടെ കഴിവും തെളിയിക്കുന്നത്. മത്സരത്തിന്റെ ഒഴുക്ക് നിലനിര്‍ത്തുന്ന ഇത്തരത്തിലുള്ള ഇന്നിങ്‌സാണത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ വിധി തന്നെ മാറ്റാന്‍ സാധിക്കുന്ന ഇമ്പാക്ട് ഇന്നിങ്‌സ്.

ഇന്നിങ്‌സിന് ശേഷം സഞ്ജി സാംസണ്‍ പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിച്ചിരുന്നു. ടീമില്‍ വ്യത്യസ്ത റോളുകളില്‍ ബാറ്റ് ഇറങ്ങുന്നതിനെ കുറിച്ചും ബാറ്റിങ് പൊസിഷനെ കുറിച്ചും അദ്ദേഹത്തോടേ ചോദിച്ചിരുന്നു.

അവസാന എട്ട് പത്ത് വര്‍ഷമായി താന്‍ ഇവിടെയും അവിടെയുമായി കളിക്കുന്നുണ്ടെന്നും, സാഹചര്യമനുസിച്ച് ഓവറും നോക്കി കളിക്കുക എന്നുള്ളത് മാത്രമെയുള്ളു.

‘ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനാകുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്, കഴിഞ്ഞ 8-10 വര്‍ഷമായി ഞാന്‍ ഇവിടെയും അവിടെയുമുണ്ട്. മത്സരത്തിന്റെ സാഹചര്യവും ബാക്കി ഓവറുകളും നോക്കി കളിക്കുക എന്നുള്ളത് മാത്രമെയുള്ളൂ,’ സഞ്ജു പറഞ്ഞു.

ഇന്ത്യക്കായി 12 ഏകദിന ഇന്നിങ്‌സുകള്‍ മാത്രം കളിച്ച സഞ്ജുവിന് 55 ശരാശരി 104 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധസെഞ്ച്വറിയും നേടിയിട്ടുണ്ട്.

Content Highlight: Sanju Samson Talks About His Change Of Roles In Indian Team