കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ കുറച്ച് വിജയങ്ങള്‍ക്കൊപ്പം നിരവധി തോല്‍വികളും ഉണ്ടായി: സഞ്ജു സാംസണ്‍
Sports News
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ കുറച്ച് വിജയങ്ങള്‍ക്കൊപ്പം നിരവധി തോല്‍വികളും ഉണ്ടായി: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 7:34 pm

ടി-20 ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ബംഗ്ലാദേശിനെ 60 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ലൈന്‍ അപ്പില്‍ വലിയ മാറ്റം വരുത്തിയായിരുന്നു ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ആയിരുന്നു ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടി ഒരു എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താവുകയായിരുന്നു സഞ്ജു.

ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇപ്പോള്‍ ലോകകപ്പിന് ഇറങ്ങുന്നതിന് മുമ്പ് തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു.

‘ലോകകപ്പ് കളിക്കാന്‍ വേണ്ട പരിചയസമ്പന്നതയും തയ്യാറെടുപ്പും നടത്തിയ സഞ്ജു സാംസണ്‍ ഇതാണ്, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കുറച്ച് വിജയങ്ങള്‍ക്കൊപ്പം ഒരുപാട് പരാജയങ്ങളും ഉണ്ടായിരുന്നു, ക്രിക്കറ്റ് എന്നെ ഒരുപാട് പഠിപ്പിച്ചു,’ സഞ്ജു സാംസണ്‍ ബി.സി.സി.ഐയോട് പറഞ്ഞു.

സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും മികച്ച തിരിച്ച് വരവ് നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു. ലോകമെമ്പാടുമുള്ള ആരാധകരും സഞ്ജുവിന്റെ തിരിച്ചുവരവിനായിട്ടാണ് കാത്തിരിക്കുന്നത്.

അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ റിഷബ് പന്ത് മികച്ച പ്രകടനമാണ് സന്നാഹമത്സരത്തില്‍ കാഴ്ചവെച്ചത്. മൂന്നാമനായി ഇറങ്ങിയ പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 32 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് പന്ത് തന്റെ ലോകകപ്പിലേക്കുള്ള വരവ് അറിയിച്ചത്. ആദ്യ ലോകകപ്പ് മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഇലവനില്‍ ആരാണ് ഇടം പിടിക്കുന്നതെന്നും ഫസ്റ്റ് ചോയിസ് ആവുകയുമെന്ന ആകാംക്ഷയിലാണ് ഏവരും.

 

 

Content Highlight: Sanju Samson Talking About t20 world Cup Preparation