| Wednesday, 29th May 2024, 12:40 pm

ക്യാപ്റ്റന്‍സി രഹസ്യം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്.

ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിശ്വസിക്കുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സണ്‍ജു.

ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍സികൊണ്ട് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ സഞ്ജു ടീമിനെ പ്ലേ ഓഫിലെ രണ്ടാം എലിമിനേറ്റര്‍ വരെ കൊണ്ടെത്തിച്ചിരുന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സ് നയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് ഫൈനല്‍ നഷ്ടമാകുകയായിരുന്നു രാജസ്ഥാന്.

ഇപ്പോള്‍ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു സാംസണ്‍. ജസ്റ്റ് ബി യുവര്‍സെല്‍ഫ് എന്നാണ് സഞ്ജു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

‘ശരിക്കും ഞാന്‍ എന്താണോ അങ്ങനെ തന്നെയാണ് ടീം മീറ്റിങ്ങില്‍ പെരുമാറുന്നതും. ജസ്റ്റ് ബി യുവര്‍സെല്‍ഫ് എന്നതാണ് ക്യാപ്റ്റനെന്നനിലയിലുള്ള എന്റെ ഏറ്റവും വലിയ ‘മന്ത്രം’. സത്യസന്ധമായിരിക്കുകയെന്നത് പ്രധാനമാണ്. ഇതു മാത്രമാണ് ശരി അല്ലെങ്കില്‍ തെറ്റ്, ഞാനാണ് വലിയ ആള്‍ എന്ന പിടിവാശി ഒരിക്കലും ഒരു ക്യാപ്റ്റനു ചേരില്ല,’ സഞ്ജു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

2024 ഐ.പി.എല്ലില്‍ 531 റണ്‍സാണ് താരം നേടിയത്. 86 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 48.27 എന്ന ആവറേജും 153.47 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താര്ത്തിനുണ്ട്. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമെന്ന ബഹുമതിയും സഞ്ജു നേടിയിട്ടുണ്ട്. സഞ്ജുവിന്റെ മികച്ച പ്രകടനവും ക്യാപ്റ്റന്‍സിയും ലോകകപ്പിലും പ്രതിഫലിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Content Highlight: Sanju Samson Talking About Secret Of His captaincy

We use cookies to give you the best possible experience. Learn more