| Monday, 21st October 2024, 8:43 pm

ഇന്ത്യന്‍ ടീമില്‍ അവരുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാണ് മലയാളിയായ സഞ്ജു സാംസണ്‍. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

ഇപ്പോള്‍ വിമില്‍കുമാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയേയും കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.

ഇരുവരും ഇന്ത്യന്‍ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുന്നവരാണെന്നും യുവതാരങ്ങള്‍ക്ക് അവരുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സഞ്ജു പറഞ്ഞു.

‘ ഇന്ത്യന്‍ ടീമില്‍ വിരാട് ബായിയുടെയും രോഹിത് ബായിയുടെയും ഇംപാക്ട് വളരെ വലുതാണ്. എല്ലാ യുവ താരങ്ങളും അവരില്‍ നിന്ന് പഠിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവര്‍ എങ്ങനെയാണ് ട്രെയ്ന്‍ ചെയ്യുന്നതെന്ന് ഞങ്ങള്‍ പഠിക്കുന്നു. മാത്രമല്ല പ്രാക്ടീസിലും മറ്റുകാര്യങ്ങള്‍ മാനേജ് ചെയ്യുന്നതിലും അവര്‍ ഒരു വഴികാട്ടിയാണ്,’ സഞ്ജു പറഞ്ഞു.

അതേസമയം, കേരളത്തിനൊപ്പം നിലവില്‍ രഞ്ജി ട്രോഫിയുടെ ഭാഗമാണ് സഞ്ജു. നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്.

കര്‍ണാടകയ്ക്കെതിരെ ആളൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ മഴ കളിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. കര്‍ണാടകയുടെ ആദ്യ മത്സരവും ഇത്തരത്തില്‍ സമനിലയിലാണ് അവസാനിച്ചത്.

ഒക്ടോബര്‍ 26നാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ബംഗാളാണ് എതിരാളികള്‍. അതേ ദിവസം തന്നെ കര്‍ണാടകയും തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങും. മോയിന്‍ ഉല്‍ ഹഖ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബീഹാറാണ് എതിരാളികള്‍.

Content Highlight: Sanju Samson Talking About Rohit Sharma And Virat Kohli

We use cookies to give you the best possible experience. Learn more