| Sunday, 13th October 2024, 5:59 pm

വിക്കറ്റ് കീപ്പിങ് സ്ലോട്ടിന്റെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും അവരോട് മത്സരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്. ഇതോടെ മത്സരത്തില്‍ പ്ലയര്‍ ഓഫ് ദിമാച്ച് പുരസ്‌കാരവും സഞ്ജുവിന് നേടാന്‍ സാധിച്ചിരുന്നു.

ഇപ്പോള്‍ സഞ്ജു ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. റിഷബ് പന്ത്, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ എന്നിവരോട് താന്‍ ഒരിക്കലും മത്സര ബുദ്ധികാണിച്ചിട്ടില്ലെന്നും ടീമിന്റെ വിജയത്തിന് വേണ്ടിയാണ് താന്‍ കളിക്കുന്നതുമെന്നാണ് സഞ്ജു പറഞ്ഞത്.

സഞ്ജു പറഞ്ഞത്‌

‘സമ്മര്‍ദം എപ്പോഴും ഉണ്ട്, എന്നാല്‍ വിക്കറ്റ് കീപ്പിങ് സ്ലോട്ടുകളുടെ കാര്യത്തില്‍ എന്നെ അത് അലട്ടാറില്ല. റിഷബ് പന്ത്, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് എന്നെ വളരെക്കാലമായി അറിയാം. അവരോടൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്വയം എതിരാളികളായി കാണുന്നില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം വിജയം ആസ്വദിക്കുന്നു.

എല്ലാത്തിനുമുപരി ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളില്‍ ഒരാള്‍ക്ക് ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം വിജയത്തിനായി കൂടുതല്‍ സംഭാവന നല്‍കാനാണ് ശ്രമിക്കുക. ഒരു അവസരത്തിനായി കാത്തിരിക്കുകയും പ്ലേയിങ് ഇലവനിലേക്ക് എത്തുകയും ചെയ്യുമ്പോള്‍ ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് ഞങ്ങളുടെ ജോലി,’ സ്പോര്‍ട്സ് 18ല്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ റെക്കോഡ് വാരിക്കൂട്ടാനും സഞ്ജുവിന് സാധിച്ചു.

Content Highlight: Sanju Samson Talking About Indian Wicket Keeper Batters

We use cookies to give you the best possible experience. Learn more