ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.
മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്.
ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി. മത്സര ശേഷം സഞ്ജു തന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്നത്.
‘മിഡിലില്‍ നിന്ന് ഞാന്‍ എന്റെ സമയം നന്നായി ആസ്വദിച്ചു. ഞാനെന്റെ ഫോണ്‍ മാക്‌സിമം ഉപയോഗപ്പെടുത്തി. നിങ്ങള്‍ മൂന്ന് നാല് പന്ത് കളിച്ചു കഴിഞ്ഞാല്‍ ബൗണ്ടറിക്ക് വേണ്ടി പോകണം. ഞാന്‍ അധികം ഒന്നും ചിന്തിച്ചില്ല. ഞാന്‍ കൂടുതല്‍ ചിന്തിച്ചാല്‍ ഇമോഷണല്‍ ആവും.
പത്തുവര്‍ഷത്തോളമായി ഞാന്‍ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഇപ്പോള്‍ ഒരുപാട് സന്തോഷിക്കുന്നു. എന്നിരുന്നാലും ഞാന്‍ എന്റെ കാലുകള്‍ കളിക്കളത്തില്‍ തന്നെ ഉറപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഈ സമയം ആസ്വദിക്കാന്‍ ശ്രമിക്കുകയാണ്,’മത്സരശേഷം സഞ്ജു സാംസണ്‍ പറഞ്ഞു.
Content highlight: Sanju Samson Talking About His Performance