| Friday, 8th March 2024, 8:58 am

സഞ്ജുവിനെ ക്യാപ്റ്റനാക്കിയ കഥ അറിയുമോ? ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഇവന്റെ പടയൊരുക്കം തുടങ്ങി കഴിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്‌ലി നയിക്കുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്‌നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.

എന്നാല്‍ മത്സരത്തിനു മുമ്പേ ഐ.പി.എല്‍ സ്റ്റാര്‍ എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ താരം സംസാരിക്കുകയുണ്ടയിരുന്നു. പരിപാടിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണെന്ന് ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു സഞ്ജു.

‘ഞങ്ങള്‍ ദുബായില്‍ കളിക്കുന്ന സമയമാണെന്ന് തോന്നുന്നു, അപ്പോള്‍ ഞങ്ങളുടെ ടീമിന്റെ ലീഡ് ഉടമ മനോജ് ബദലെ വന്നു, എന്നോട് ടീമിനെ നയിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. ഞാന്‍ തയ്യാറായിരുന്നു. ഞാന്‍ മതിയായ ഗെയിമുകള്‍ കളിച്ചു, ഫ്രാഞ്ചൈസിയില്‍ കൂടുതല്‍ സമയം ചിലവഴിച്ചുവെന്ന് എനിക്ക് തോന്നി, അതിനാല്‍ എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു,’സഞ്ജു പറഞ്ഞു.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തെരഞ്ഞെടുത്തെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ശേഷം 2013 ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നീണ്ട 14 വര്‍ഷത്തെ അനുഭവസമ്പത്താണ് രാജസ്ഥാനില്‍ സഞ്ജുവിന് ഉള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി തകര്‍ത്താടി ആരാധകരുടെ മനം കവര്‍ന്നവനാണ് സഞ്ജു സാംസണ്‍.

ഇതോടെ 2021 സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്ന് 3888 റണ്‍സാണ് താരം അടിച്ചെടുത്തത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 29.23 ആവറേജും താരത്തിനുണ്ട്. 137.19 സ്‌ട്രൈക്ക് റേറ്റും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ഐ.പി.എല്ലില്‍ ഇതുവരെ സഞ്ജു 304 ഫോറും 182 സിക്‌സറും അടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്ക് സഞ്ജുവിന്റെയും ടീമിനെയും മത്സരം കാണാന്‍ ഏറെ ആവേശത്തിലാണ് കേരളക്കരയും മൊത്തം ആരാധകരും.

Content Highlight: Sanju Samson Talking About His Captain Role

Latest Stories

We use cookies to give you the best possible experience. Learn more