| Tuesday, 15th October 2024, 1:02 pm

എനിക്കറിയാം നീ എത്ര നന്നായി കളിക്കുമെന്ന്, പേടിക്കേണ്ട നിനക്ക് എന്റെ എല്ലാ സപ്പോര്‍ട്ടും ഉണ്ട്; ഗംഭീറിനെക്കുറിച്ച് സഞ്ജു സംസാരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്. ഇമത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സഞ്ജു ഗൗതം ഗംഭീറിനെക്കുറിച്ച് തിരുവന്തപുരത്ത് വെച്ച് നടന്ന പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു.

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയുടെ തുടക്കത്തില്‍ തന്നെ സഞ്ജുവിനെ മൂന്ന് കളിയിലും ഓപ്പണറായി കളിപ്പിക്കുമെന്നും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്നും ഗംഭീര്‍ പറഞ്ഞെന്ന് സഞ്ജു പ്രസ് മീറ്റില് പറഞ്ഞു.

സഞ്ജു ഗംഭീറിനെക്കുറിച്ച് പറഞ്ഞത്

‘ ഗൗതം ഭായി വലിയ സപ്പോര്‍ട്ടാണ്. നമ്മള്‍ ഒരുപാട് പരിശീലകരുടെ കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഭായിയുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ വലുതാണ്. ഉള്ളതെല്ലാ അദ്ദേഹം പറയും, ‘നീ പേടിക്കേണ്ട നിനക്ക് ഉള്ള എല്ലാ സപ്പോര്‍ട്ടും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും, എനിക്കറിയാം നീ എത്ര നന്നായി കളിക്കുന്ന പ്ലെയര്‍ ആണെന്ന്, നമ്മള്‍ ഒരുപാട് വര്‍ഷമായി കാണുന്നുണ്ട്. നീ മാക്‌സിമം കളിയും ബാറ്റിങ്ങും എന്‍ജോയി ചെയ്യാന്‍ നോക്ക്, ഞങ്ങള്‍ എല്ലാവരും നിന്റെ കൂടെ ഉണ്ട്’ എന്ന് ഗൗതം ഭായി എന്നോട് പറഞ്ഞിരുന്നു.

ഒരു കോച്ചിന്റെ അടുത്തുനിന്ന് അങ്ങനെ ഒരു വിശ്വാസം കിട്ടിയത് വലിയൊരു കോണ്‍ഫിഡന്‍സാണ്. അതു ഉറപ്പായും അദ്ദേഹം തരുന്നുണ്ട്. തുടക്കത്തില്‍ തന്നെ അദ്ദേഹം എന്നോട് പറഞ്ഞത് നീ മൂന്ന് കളിയിലും ഓപ്പണറായി ഉണ്ടാകുമെന്നാണ്,’ സഞ്ജു സാംസണ്‍ പ്രസ് മാറ്റില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മത്സരത്തില്‍ തസ്‌കിന്‍ അഹമ്മദിന്റെ ഓവറില്‍ തലങ്ങും വിലങ്ങും നാല് തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു.

47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

Content Highlight: Sanju Samson Talking About Gautham Gambhir

Latest Stories

We use cookies to give you the best possible experience. Learn more