ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാണ് മലയാളിയായ സഞ്ജു സാംസണ്‍. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്.
സഞ്ജു ടി-20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ വളരെ സന്തോഷവാനായിരുന്നു. ഇപ്പോള്‍ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സഞ്ജു അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
‘നിങ്ങള്‍ എന്നെ പിന്തുണയ്ക്കുകയും എനിക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്താല്‍, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഗൗതി ഭായിയോട് ഞാന്‍ പറഞ്ഞു. പക്ഷെ ആദ്യ രണ്ട് മത്സരങ്ങളില്‍ എനിക്ക് അതിന് സാധിച്ചില്ല. പക്ഷേ എന്റെ സമയം വരുമെന്ന് ഞാന്‍ സ്വയം പറഞ്ഞു, അതിനാല്‍ ഹൈദരാബാദില്‍ ആ സെഞ്ച്വറി ലഭിച്ചപ്പോള്‍ കോച്ച് കൈയ്യടിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു,’ വിമല്‍കുമാറിന്റെ യൂട്യൂബ് ചാനലില്‍ സഞ്ജു പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ പല റെക്കോഡുകളും വാരിക്കൂട്ടാന്‍ സഞ്ജുവിന് സാധിച്ചു. നിലവില്‍ സഞ്ജു രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുകയാണ്.
അതേസമയം ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 24 മുതല്‍ 28 വരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
Content Highlight: Sanju Samson Talking About Gautham Gambhir