| Tuesday, 16th July 2024, 4:21 pm

ഞങ്ങള്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി, പിന്നെ എന്റെ മുന്നില്‍ പ്രധാനമായ ഒരു കാര്യം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വെക്കെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരവും വിജയിച്ച് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റ് തകര്‍ന്നപ്പോള്‍ സഞ്ജുവും റിയാന്‍ പരാഗുമാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. 45 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടാനാണ് വൈസ് ക്യാപറ്റന്‍ സഞ്ജു സാധിച്ചത്. അതില്‍ ഒന്നില്‍ 110 മീറ്റര്‍ ദൂരമുള്ള സിക്സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരാഗ് 22 റണ്‍സും നേടിയാണ് പുറത്തായത്.

പരമ്പര വിജയത്തിന് ശേഷം ബി.സി.സി.ഐ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. അതില്‍ മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ ഒരു ബൈറ്റ് ഉണ്ടായിരുന്നു. അവസാന മത്സരത്തിലെ നിര്‍ണായകമായ പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ചും ടീം അംഗങ്ങളുമായുള്ള സൗഹൃദ ബന്ധത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

‘ഞങ്ങള്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി, അതിനാല്‍ റിയാനുമായി ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നത് എനിക്ക് വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ അത് ചെയ്തു, തുടര്‍ന്ന് ഞങ്ങള്‍ ഭേദപ്പെട്ട ഒരു സ്‌കോറില്‍ എത്തി. ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു,’ സഞ്ജു പറഞ്ഞു.

‘നിങ്ങള്‍ക്ക് അവരെ കൂടുതല്‍ പഠിപ്പിക്കാന്‍ കഴിയില്ല, തീര്‍ച്ചയായും അവരോടൊപ്പം നില്‍ക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ബന്ധം സ്ഥാപിക്കുമ്പോഴെല്ലാം, ആളുകള്‍ നിങ്ങളോട് തുറന്ന് സംസാരിക്കും. അതുകൊണ്ട് അവര്‍ വന്ന് എന്നോട് സംസാരിക്കുന്ന രീതിയില്‍ പെരുമാറേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ ഇത് ഒരു സഹോദര ബന്ധം പോലെയാണ്,’ സഞ്ജു കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanju Samson Talking About Final Match Against Zimbabwe

We use cookies to give you the best possible experience. Learn more