ഒന്നും നഷ്ടപ്പെട്ടിട്ടില്ല, ആ സ്വപ്‌നനേട്ടം കേരളത്തിനൊപ്പമാകും; ഇനിയുള്ളത് ഇവന്റെ വര്‍ഷങ്ങള്‍
Sports News
ഒന്നും നഷ്ടപ്പെട്ടിട്ടില്ല, ആ സ്വപ്‌നനേട്ടം കേരളത്തിനൊപ്പമാകും; ഇനിയുള്ളത് ഇവന്റെ വര്‍ഷങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th November 2024, 8:03 am

സഞ്ജു സാംസണ്‍ എന്ന താരത്തെ സംബന്ധിച്ച് കരിയറില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വര്‍ഷമായിരിക്കും 2024. കരിയറിലെ ആദ്യ ടി-20ഐ സെഞ്ച്വറിയടക്കം മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയും ഒപ്പം എണ്ണമറ്റ റെക്കോഡ് നേട്ടങ്ങളും സ്വന്തമാക്കിക്കൊണ്ടാണ് സഞ്ജു തിളങ്ങിയത്. ഒപ്പം കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറുടെ സ്ഥാനത്തും സഞ്ജു തന്റെ പേര് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിനൊപ്പം മാത്രമല്ല, ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് രാജസ്ഥാന്റെ വിശ്വസ്തനായ ക്യാപ്റ്റന്‍ തന്റെ ഐ.പി.എല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച പ്രകടനങ്ങളുമായി രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാനും സഞ്ജുവിനായി.

 

എന്നാല്‍ ഐ.പി.എല്ലിനേക്കാള്‍ മികച്ച രീതിയില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ തിളങ്ങിയാണ് സഞ്ജു വിമര്‍ശകരെ കൊണ്ട് പോലും കയ്യടിപ്പിച്ചത്.

ടി-20 ഫോര്‍മാറ്റിലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയാണ് സഞ്ജു തന്റെ കുതിപ്പ് തുടരുന്നത്. ഈ കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യന്‍ ജേഴ്‌സിയിലും രാജസ്ഥാന്‍ ജേഴ്‌സിയിലുമായി 967 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.

2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ടീം – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ് – 967 – 46.04

വിരാട് കോഹ്‌ലി – ഇന്ത്യ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 921 – 41.86

അഭിഷേക് ശര്‍മ – ഇന്ത്യ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 874 – 29.13

തിലക് വര്‍മ – ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് – 839 – 52.43

രോഹിത് ശര്‍മ – ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് – 795 – 36.13

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി ഈ കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയതും സഞ്ജു തന്നെയാണ്. 12 ഇന്നിങ്‌സില്‍ നിന്നും 43.60 ശരാശരിയിലും 180.16 സ്‌ട്രൈക്ക് റേറ്റിലും 436 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും കുറിച്ച സഞ്ജുവിന്റെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നേടിയ 111 ആണ്.

രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങിയ 15 മത്സരത്തില്‍ നിന്നും 531 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 153.47 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 48.27 എന്ന അതിലും മികച്ച ശരാശരിയിലും സ്‌കോര്‍ ചെയ്ത താരം അഞ്ച് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഈ വര്‍ഷം സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടില്ലെന്ന് കരുതിയ ഒരു തകര്‍പ്പന്‍ നേട്ടവും ഇപ്പോള്‍ സഞ്ജുവിന് മുമ്പില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനൊപ്പമാണ് സഞ്ജുവിന് ഈ നേട്ടത്തിലേക്ക് ചുവടുവെക്കാന്‍ സാധിക്കുക. ഇതിനായി വേണ്ടതാകട്ടെ വെറും 33 റണ്‍സും. നവംബര്‍ 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജു കേരളത്തിന്റെ ക്യാപ്റ്റനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Content Highlight: Sanju Samson surpassed Virat Kohli in most T20 runs in 2024