ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ അവസാന ടി-20യിലും വിജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്.
കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഷെവ്റോണ്‍സ് 125ന് പുറത്തായി.
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 45 പന്തില്‍ നാല് സിക്സറും ഒരു ബൗണ്ടറിയും അടക്കം 58 റണ്‍സാണ് താരം നേടിയത്. 128.89എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.
താരത്തിന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി-20 അര്‍ധ സെഞ്ച്വറി നേട്ടമാണിത്.
ഈ സെഞ്ച്വറി നേട്ടത്തോടെ ഒരു എലീറ്റ് ലിസ്റ്റില്‍ എം.എസ്. ധോണിയെ മറികടന്ന് നാലാം സ്ഥാനത്തെത്താനും സഞ്ജുവിനായി. കുറവ് ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലാണ് സഞ്ജു ധോണിയെ മറികടന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കുറവ് ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
കെ. എല്‍. രാഹുല്‍ – 1
ഇഷാന്‍ കിഷന്‍ – 3
റിഷബ് പന്ത് – 5
സഞ്ജു സാംസണ്‍ – 10*
എം.എസ്. ധോണി – 66
അന്താരാഷ്ട്ര ടി-20യില്‍ സഞ്ജുവിന്റെ 24ാം ഇന്നിങ്‌സായിരുന്നു ഇതെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ പത്താം തവണ മാത്രമാണ് സഞ്ജു ടി-20യില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
ഇതിന് പുറമെ സിംബാബ്‌വേക്കെതിരെ ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമവും സഞ്ജു സ്വന്തമാക്കി.
ഒരുവേള 40ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ സഞ്ജുവിന്റെ പ്രകടനമാണ് കരകയറ്റിയത്. റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 65 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യക്ക് തുണയായത്.
സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് തുടക്കത്തിലേ പിഴച്ചു. വെസ്ലി മധേവരെയെ ബ്രോണ്‍സ് ഡക്കാക്കി മുകേഷ് കുമാര്‍ പുറത്താക്കി. പിന്നാലെയെത്തിയവരില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
32 പന്തില്‍ 34 റണ്‍സ് നേടി ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സ് നേടി ഫറാസ് അക്രമും 24 പന്തില്‍ 27 താഡിവനാശെ മരുമാണിയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
നാല് വിക്കറ്റുകള്‍ നേടിയ മുകേഷ് കുമാര്‍ ആണ് ഷെവ്റോണ്‍സിനെ എറിഞ്ഞു വീഴ്ത്തിയത്. ദുബെ രണ്ട് വിക്കറ്റും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content highlight: Sanju Samson surpassed MS Dhoni in an elite list