ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ പഞ്ചാബ് കിങ്സിനെ അവരുടെ തട്ടകത്തില്‍ 50 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. സീസണില്‍ പഞ്ചാബിന്റെ ആദ്യ തോല്‍വിയാണിത്.
അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും റിയാന്‍ പരാഗും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരാഗ് 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും സാംസണ്‍ 26 പന്തില്‍ 38 റണ്‍സും നേടി.
12 പന്തില്‍ 20 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറും അഞ്ച് പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ ധ്രുവ് ജുറെലും ഏഴ് പന്തില്‍ 12 റണ്‍സുമായി നിതീഷ് റാണയും സ്‌കോര്‍ 200 കടക്കുന്നതില്‍ നിര്‍ണായകമായി.
രാജസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണില്‍ പഞ്ചാബിന്റെ ആദ്യ പരാജയമാണിത്.
ജോഫ്രാ ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനങ്ങളാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ സന്ദീപ് ശര്‍മയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും നേടി.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് നായകന്‍ സഞ്ജുവിന്റെ പേരില്‍ പിറവിയെടുത്തത്. രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. രാജസ്ഥാനെ അവരുടെ ചരിത്രത്തിലെ ഏക കിരീടത്തിലേക്ക് നയിച്ച ഷെയ്ന്‍ വോണിനെ മറികടന്നുകൊണ്ടായിരുന്നു സഞ്ജുവിന്റെ ചരിത്ര നേട്ടം.
(ക്യാപ്റ്റന്‍ – സ്പാന്‍ – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 2021-2025* – 62 – 32 – 51.61
ഷെയ്ന്‍ വോണ്‍ – 2008-2011 – 56 – 31 – 55.35
രാഹുല്‍ ദ്രാവിഡ് – 2012-2013 – 40 – 23 – 57.50
സ്റ്റീവ് സ്മിത് – 2014-2020 – 27 – 15 – 55.55
അജിന്‍ക്യ രഹാനെ – 2018-2019 – 24 – 9 – 37.50
ഷെയ്ന്‍ വാട്സണ്‍ – 2008-2015 – 21 – 7 – 33.33
റിയാന്‍ പരാഗ് – 2025 – 3 – 1 – 33.33
പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ ഒമ്പതാം സ്ഥാനത്ത് നിന്നും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും പരാജയവുമായി നാല് പോയിന്റാണ് റോയല്‍സിനുള്ളത്.
ഏപ്രില്‍ ഒമ്പതിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഗുജറാത്ത് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Sanju Samson surpass Shane Warne to become Rajasthan Royals’ most successful captain