| Sunday, 8th December 2019, 4:58 pm

സ്വന്തം നാട്ടിലെങ്കിലും സഞ്ജു സാംസണ്‍ കളിക്കുമോ? ഉത്തരം തേടി ആരാധകര്‍ തിരുവനന്തപുരത്ത്; സാധ്യതകള്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20-ക്ക് ഇന്ത്യ ഇറങ്ങുന്നത് കേരളത്തിന്റെ മണ്ണിലേക്കാണ്. തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്കു പക്ഷേ ഒരൊറ്റ കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. സ്വന്തം നാട്ടിലെങ്കിലും സഞ്ജു സാംസണ്‍ കളിക്കുമോ?

ഈ ചോദ്യവുമായി സാമൂഹ്യമാധ്യമങ്ങളിലും മലയാളികള്‍ അല്ലാത്തവര്‍ വരെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ആറുമണിയോടെ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വന്തം നാട്ടില്‍ സഞ്ജുവിന് ഒരവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് ഊഷ്മളമായ സ്വീകരണമാണ് സ്വന്തം നാട്ടില്‍ ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഐ.പി.എല്ലിലെ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ ഇതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോശം ഫോമില്‍ തുടരുന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മാറ്റി പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ക്രിക്കറ്റ് പ്രേമികള്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷേ പന്തിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ നേരിട്ടെത്തിയതോടെ സഞ്ജുവിനു മുന്നില്‍ വാതില്‍ അടയുകയാണെന്ന പ്രതീതി ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ 18 റണ്‍സ് മാത്രമാണു പന്തിനു നേടാനായത്. ഇതോടെ ടീം മാനേജ്‌മെന്റ് ഒരു മാറ്റത്തെക്കുറിച്ചു ചിന്തിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനു പകരമാണ് സഞ്ജു ടീമിലെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ധവാനു പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലാണ്. രാഹുലാകട്ടെ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ഇതോടെ ഓപ്പണിങ്ങിലെ സഞ്ജുവിന്റെ സാധ്യതകള്‍ക്കാണു മങ്ങലേറ്റത്.

സഞ്ജുവിനു വേണ്ടി ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഇന്നു രാവിലെ മുതല്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സഞ്ജു ടീമിലില്ലെങ്കില്‍ മലയാളികള്‍ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കൈയടിക്കുമോ’ എന്നതാണ് ഒരാള്‍ ട്വിറ്ററില്‍ ഉന്നയിച്ച ചോദ്യം. സഞ്ജുവിനെ പുറത്തിരുത്തുന്നതിനു കാരണം കളിമികവാണോ രാഷ്ട്രീയമാണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more