| Tuesday, 12th January 2021, 2:49 pm

'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്തില്‍ സിക്‌സും; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ 'ഡയലോഗ്' സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനിടെയിലെ കേരള താരങ്ങളുടെ സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സ്റ്റംപില്‍ ഘടിപ്പിച്ചുള്ള മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്.

കേരള താരങ്ങള്‍ മൈതാനത്ത് മലയാളത്തില്‍ പരസ്പരം സംസാരിക്കുന്നതാണ് ഏവരേയും രസിപ്പിച്ചത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണിന്റെ ‘ഡയലോഗാണ്’ ഇതില്‍ സൂപ്പര്‍ ഹിറ്റായത്.

10-ാം ഓവറിലെ ആദ്യ പന്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ ഡയലോഗ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോട് ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലേ’ എന്നായിരുന്നു സഞ്ജു പറഞ്ഞത്. സ്റ്റംപ് മൈക്ക് ഇത് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.


തൊട്ടടുത്ത പന്തില്‍ സിക്‌സ് പായിച്ച് സഞ്ജു വാക്ക് പാലിക്കുകയും ചെയ്തു.

പുതുച്ചേരിക്കെതിരെ ആറു വിക്കറ്റിനാണ് കേരളം ജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. കേരളം 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

26 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

വിഷ്ണു വിനോദ് (11 പന്തില്‍ ഒരു ഫോര്‍ സഹിതം 11), സല്‍മാന്‍ നിസാര്‍ (18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 20) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (18 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 30), റോബിന്‍ ഉത്തപ്പ (12 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 21), സച്ചിന്‍ ബേബി (19 പന്തില്‍ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പുതുച്ചേരി ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും അഞ്ചാം ഓവറില്‍ത്തന്നെ കേരളത്തിന്റെ സ്‌കോര്‍ 50 കടത്തി.

സ്‌കോര്‍ 52ല്‍ നില്‍ക്കെ മുഹമ്മദ് അസ്ഹറുദ്ദീനും 58ല്‍ നില്‍ക്കെ റോബിന്‍ ഉത്തപ്പയും പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ശ്രദ്ധയോടെ ബാറ്റു ചെയ്ത സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanju Samson Stump Mike Dialogue Sayyid Mushtaq Ali T-20 Sreesanth

We use cookies to give you the best possible experience. Learn more