| Friday, 8th July 2022, 12:48 pm

'ഇഷാന്‍ കിഷന് ഇനിയും രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു, ഇതിനെ തഴയല്‍ എന്നല്ലാണ്ട് എന്താ പറയുക'?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെയിറങ്ങിയ ഇന്ത്യന്‍ ടീമിനൊപ്പം നായകന്‍ രോഹിത് ശര്‍മയും കൂടെ ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്നു.

രോഹിത് ടീമില്‍ എത്തിയതോടു കൂടി അയര്‍ലന്‍ഡ് പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങിയ ഓപ്പണര്‍മാരില്‍ ഒരാളുടെ അവസരം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരായിരുന്നു അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് മത്സരത്തില്‍ നിന്നായി ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ ബാറ്റര്‍മാര്‍.

മൂവരിലും ഇഷാന്‍ കിഷന്‍ മാത്രമാണ് ബാക്കിയുള്ള രണ്ട് ട്വന്റി-20 മത്സരത്തില്‍ ടീമിലുള്ളത്. ഗെയ്ക്വാദ് അയര്‍ലന്‍ഡിനെതിയുള്ള ആദ്യ മത്സരത്തില്‍ ബാറ്റ് ചെയിതില്ലായിരുന്നു. അവന് പകരം രണ്ടാം മത്സരത്തില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച് കളിച്ചിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സഞ്ജുവിനെ വീണ്ടും തഴയുകയായിരുന്നു ഇന്ത്യന്‍ ടീം. ബാക്കിയുള്ള മത്സരത്തില്‍ കിഷന് ഇനിയും കളിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആദ്യ മത്സരത്തില്‍ സഞ്ജു തീര്‍ച്ചയായും ഒരു അവസരം അര്‍ഹിച്ചിരുന്നു.

ലോകകപ്പ് മുമ്പില്‍ നില്‍ക്കെ സഞ്ജുവിനെ പോലുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരത്തിലുള്ള പരമ്പരകള്‍.

ടീമില്‍ എങ്ങനെയും റണ്‍സ് എത്തിക്കുന്ന, ബാക്ക്ഫൂട്ടില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന സഞ്ജുവിന് ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ അഴിഞ്ഞാടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ താരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ ഇന്ത്യന്‍ ടീം തയാറാവുന്നില്ല.

മത്സരത്തില്‍ ഇറങ്ങിയ ഇഷാന്‍ കിഷനാണെങ്കില്‍ 10 പന്ത് നേരിട്ട് എട്ട് റണ്‍സാണ് നേടിയത്. ഇനിയുള്ള വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ടീമിലും സഞ്ജുവുണ്ട്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമൊ എന്ന് കണ്ടറിയണം.

അദ്ദേഹത്തിന്റെതായ ദിവസങ്ങളില്‍ ടീമിനെ ഒറ്റക്ക് ജയിപ്പിക്കാന്‍ സാധിക്കുന്നതാണ് എന്ന് ഐ.പി.എല്ലില്‍ പലപ്പോഴായി തെളിയിച്ചതാണ് സഞ്ജു. എന്നിട്ടും അവസരം നിഷേധിക്കുന്നതിനെ തഴയല്‍ എന്നല്ലാണ്ട് എന്താണ് പറയുക?

Content Highlights: Sanju Samson snubbed by Indian team again

We use cookies to give you the best possible experience. Learn more