ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ ഏറെ കാത്തുനിന്ന സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനായിരുന്നു ബ്രയാന്‍ ലാറ സ്‌റ്റേഡിയം സാക്ഷിയായത്. ടീം സ്‌കോര്‍ 154ല്‍ നില്‍ക്കെ നാലാമനായായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്.
പ്രതീക്ഷകളുടെ അമിതഭാരവും ഏറെ കാത്തുനിന്ന കിട്ടിയ അവസരങ്ങളും അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോകുന്നുണ്ടാകണം, അദ്ദേഹം പതിയെ നോക്കി കളിക്കുമെന്നൊക്കെ കരുതിയിരുന്ന ആരാധകരെയും കമന്ററി ബോക്‌സിലുള്ളവരെയും ഞെട്ടിച്ചുകൊണ്ട് നേരിട്ട രണ്ടാം പന്ത് തന്നെ സഞ്ജു ബൗണ്ടറി കടത്തി. കൂറ്റന്‍ സിക്‌സര്‍, വരാന്‍ പോകുന്ന വെടിക്കെട്ടിന് സൂചന നല്‍കുന്നതായിരുന്നു അത്.
പിന്നീട് താരം അപ്പുറത്ത് ഗില്ലിനെ സാക്ഷിയാക്കി സ്‌കോറിങ്ങിന് വേഗത കൂട്ടുകയായിരുന്നു. മികച്ച ഓപ്പണിങ് പാര്‍ട്ടനര്‍ഷിപ്പിന് ശേഷം വേഗത കുറയാന്‍ തുടങ്ങിയ ഇന്ത്യയെ പിടിച്ചെഴുന്നേല്‍പ്പിച്ചത് സഞ്ജുവിന്റെ ഇന്നിങ്‌സായിരുന്നു. 41 പന്ത് നേരിട്ട് 51 റണ്‍സാണ് താരം അടിച്ചുക്കൂട്ടിയത്.
സെഞ്ച്വറികളും വലിയ സ്‌കോറുകളും മാത്രമല്ല ക്രിക്കറ്റിന്റെ ഭംഗിയും ഒരു ബാറ്ററുടെ കഴിവും തെളിയിക്കുന്നത്. മത്സരത്തിന്റെ ഒഴുക്ക് നിലനിര്‍ത്തുന്ന ഇത്തരത്തിലുള്ള ഇന്നിങ്‌സാണത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ വിധി തന്നെ മാറ്റാന്‍ സാധിക്കുന്ന ഇമ്പാക്ട് ഇന്നിങ്‌സ്.
അതേസമയം ഇന്ത്യക്കായി ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടിയിരുന്നു. കിഷന്‍ 64 പന്ത് നേരിട്ട് 77 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 92 പന്തില്‍ 85 റണ്‍സ് നേടി. നിലവില്‍ 45ാം ഓവറിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടിയിട്ടുണ്ട്.
ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ വിന്‍ഡീസും ജയിച്ചത് കാരണം മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlight: Sanju Samson show against West Indies