| Tuesday, 4th April 2023, 4:41 pm

അതിനിടയ്ക്ക് ഇങ്ങനേ ഒരു കാര്യം സംഭവിച്ചോ? സൂപ്പര്‍ നേട്ടത്തില്‍ സെഞ്ച്വറിയടിച്ച് സഞ്ജു; ബി.സി.സി.ഐയേ, നിങ്ങളിത് വല്ലതും അറിഞ്ഞോ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകയായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ വിജയമായിരുന്നു റോയല്‍സ് സ്വന്തമാക്കിയത്.

ഓപ്പണര്‍മരായ യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും യൂസ്വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമണ് ഇനോഗറല്‍ ചാമ്പ്യന്‍മാര്‍ക്ക് അനായാസ ജയം നേടിക്കൊടുത്തത്.

സണ്‍റൈസേഴ്‌സിനെതിരായ തുടര്‍ച്ചയായ മൂന്നം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു സാംസണായിരുന്നു മത്സരത്തിലെ പോയിന്റ് ഓഫ് അട്രാക്ഷന്‍. നിലം തൊട്ടുരുമിയ ബൗണ്ടറികളും ആകാശം തോട്ടുതലോടിയ സിക്‌സറുകളുമായി സഞ്ജു കളം നിറഞ്ഞാടി.

32 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 55 റണ്‍സാണ് താരം നേടിയത്. 171.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും മത്സരത്തില്‍ സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ഈ മത്സരത്തിലെ അസാമാന്യ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സഞ്ജുവിനെ തേടിയെത്തിയിരുന്നു. മിഡില്‍ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു സാംസണ്‍ നടന്നുകയറിയത്.

നിലവില്‍ നൂറ് സിക്‌സറുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. നിലവില്‍ ഐ.പി.എല്‍ കളിക്കുന്ന താരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയത് ആര്‍.സി.ബിയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ്. സഞ്ജുവിനേക്കാള്‍ 11 സിക്‌സറാണ് കോഹ്‌ലിക്ക് അധികമായുള്ളത്.

മിഡില്‍ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

സുരേഷ് റെയ്‌ന – 119

വിരാട് കോഹ് ലി – 111*

യൂസുഫ് പത്താന്‍ – 106

റോബിന്‍ ഉത്തപ്പ – 105

സഞ്ജു സാംസണ്‍ – 100*

അതേസമയം, തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ തങ്ങളുടെ അടുത്ത മത്സരം കളിക്കുക.

പഞ്ചാബ് കിങ്‌സിനെയണ് സ്വന്തം തട്ടകത്തില്‍ രാജസ്ഥാന് ആദ്യം നേരിടാനുള്ളത്. ഏപ്രില്‍ അഞ്ചിനാണ് മത്സരം അരങ്ങേറുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ എട്ടിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും സഞ്ജുവും കൂട്ടരും ഗുവാഹത്തിയില്‍ നേരിടും.

Content highlight: Sanju Samson sets new record in IPL

We use cookies to give you the best possible experience. Learn more