സ്വന്തം റെക്കോഡ് തിരുത്തിയെഴുതി സഞ്ജു; ഇത് സെലക്ടര്‍മാര്‍ക്കുള്ള മറുപടി
Sports News
സ്വന്തം റെക്കോഡ് തിരുത്തിയെഴുതി സഞ്ജു; ഇത് സെലക്ടര്‍മാര്‍ക്കുള്ള മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th October 2022, 7:47 am

സെലക്ടര്‍മാര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു കഴിഞ്ഞ ദിവസത്തെ സഞ്ജുവിന്റെ പ്രകടനം. അക്ഷരാര്‍ത്ഥത്തില്‍ സഞ്ജു സാംസണ്‍ ഷോ എന്ന് വിളിക്കാന്‍ പോന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ്. സഞ്ജു മികച്ച പ്രകടനം നടത്തിയപ്പോഴും ഇന്ത്യയുടെ പരാജയം തടുക്കാന്‍ അത് പോരാതെ വരികയായിരുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

മത്സരത്തിന്റെ അവസാന നിമിഷം വരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ഉത്തരവാദിത്തമില്ലാത്ത കളി പുറത്തെടുത്തതിനാല്‍ ഇന്ത്യക്ക് നഷ്ടമായത് അര്‍ഹിച്ച വിജയമായിരുന്നു.

63 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടിയാണ് സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുംതൂണായത്. ഇതോടെ സ്വന്തം പോര്‍ട്‌ഫോളിയോയിലെ ഒരു റെക്കോഡ് മാറ്റിയെഴുതാനും സഞ്ജുവിനായി.

ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കെതിരായ മത്സരത്തിന് മുമ്പ് 54 റണ്‍സായിരുന്നു ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്‌സായിരുന്നു സൗത്ത് ആഫ്രിക്കയെ കൈപിടിച്ചു നടത്തിയത്. 54 പന്തില്‍ നിന്നും 48 റണ്‍സായിരുന്നു ഡി കോക്ക് നേടിയത്. ഹെന്റിച്ച് ക്ലാസന്റെ ക്ലാസും ഡേവിഡ് മില്ലറിന്റെ മാസും ചേര്‍ന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ ഉയര്‍ന്നു.

 

ക്ലാസന്‍ 65 പന്തില്‍ നിന്നും 74 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 63 പന്തില്‍ നിന്നും 75 റണ്‍സും നേടി. ഒടുവില്‍ 40 ഓവറില്‍ 249 റണ്‍സായിരുന്നു പ്രോട്ടീസ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഓപ്പണര്‍മാര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഗെയ്ക്വാദ് അതിലേറെ മോശമാക്കി.

അഞ്ചാമനായി ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോറിന് അനക്കം വെച്ചുതുടങ്ങിയത്. 37 പന്തില്‍ നിന്നും 50 റണ്‍സെടുത്താണ് അയ്യര്‍ പുറത്തായത്. ആറാമനായി ഇറങ്ങിയ സഞ്ജുവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

 

 

എന്നാല്‍ വിജയത്തിന് വെറും ഒമ്പത് റണ്‍സ് അകലെ ഇന്ത്യ കാലിടറി വീണു.

എന്നാല്‍ ഒരുപക്ഷേ, മുന്‍ നിര ബാറ്റര്‍മാര്‍ അല്‍പം ഉത്തരവാദിത്തം കാണിച്ച് കുറച്ച് റണ്‍സ് കൂടെ നേടുകയോ, അല്ലെങ്കില്‍ പെട്ടെന്ന് പുറത്താവുകയോ ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താന്‍ പ്രോട്ടീസിനായി.

ഒക്‌ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.

 

 

Content Highlight: Sanju Samson secure his highest ODI score in India vs South Africa ODI Series