| Saturday, 16th November 2024, 4:02 pm

രണ്ടിലേയും കോമണ്‍ ഫാക്ടര്‍ സഞ്ജുവിന്റെ സെഞ്ച്വറി; ഇവന്റെ ബാറ്റില്‍ തീ പടര്‍ന്നപ്പോഴെല്ലാം എതിരാളികള്‍ ചാമ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജോഹനാസ്‌ബെര്‍ഗില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

തിലക് വര്‍മയുടെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തില്‍ 283 റണ്‍സിന്റെ റണ്‍മലയാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. പരമ്പരയില്‍ ഇരുവരും സ്വന്തമാക്കുന്ന രണ്ടാമത് സെഞ്ച്വറിയാണിത്.

ഇരുവരുടെയും വെടിക്കെട്ടിന് പിന്നാലെ പല റെക്കോഡ് നേട്ടങ്ങളും പിറവിയെടുത്തിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടല്‍ എന്ന റെക്കോഡ് ഉള്‍പ്പടെയുള്ള റെക്കോഡുകളാണ് കഴിഞ്ഞ ദിവസം പിറന്നത്.

2017ല്‍ ശ്രീലങ്കക്കെതിരെ നേടിയ 260 റണ്‍സിന്റെ ടോട്ടലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് സഞ്ജു-തിലക് ഡൈനാമിക് ഡുവോയുടെ ജോബെര്‍ഗ് സ്‌റ്റോം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.

ടി-20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടോട്ടലുകള്‍

സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം

297/6 – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024

283/1 – സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2024*

260/5 – ശ്രീലങ്ക – ഇന്‍ഡോര്‍ – 2017

244/4 – വെസ്റ്റ് ഇന്‍ഡീസ് – ലൗഡര്‍ഹില്‍ – 2016

240/3 – വെസ്റ്റ് ഇന്‍ഡീസ് – വാംഖഡെ – 2019

ഈ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടിയ മത്സരങ്ങള്‍ തമ്മില്‍ വെറും ഒരു മാസത്തിന്റെ മാത്രം ഇടവേളയാണുള്ളത്. ഹോം കണ്ടീഷനിലെയും എവേ ഗ്രൗണ്ടിലെയും ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന പ്രത്യേകതയും ഈ രണ്ട് റണ്‍മലകള്‍ക്കുമുണ്ട്.

ഈ രണ്ട് ടോട്ടലിലെയും കോമണ്‍ ഫാക്ടര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ്. സഞ്ജു സെഞ്ച്വറി നേടിയ മത്സരത്തിലെല്ലാം ഇന്ത്യ വിജയിച്ചിരുന്നു എന്നതാണ് മറ്റൊരു സാമ്യത.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. താരത്തിന്റെ ടി-20ഐ കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടമായിരുന്നു അത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡ് മറികടന്ന സഞ്ജു, ഇന്ത്യക്കായി കുട്ടിക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും മാറി.

തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് പ്രോട്ടിയാസിനെതിരായ പരമ്പരയിലെ നാലാം മത്സരത്തിനായി സഞ്ജു വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലേക്കിറങ്ങിയത്. നേരിട്ട 51ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയും സ്വന്തമാക്കി.

ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്താണ് സഞ്ജു 2024നോട് വിടപറയുന്നത്.

Content highlight: Sanju Samson scored century in 1st and 2nd highest totals by India in T20Is

We use cookies to give you the best possible experience. Learn more