മെഗാ താര ലേലത്തിന് മുന്നോടിയായി നടന്ന രാജസ്ഥാന്‍ പുറത്തുവിട്ട് റിറ്റെന്‍ഷന്‍ ലിസ്റ്റ് കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. സഞ്ജുവും ജെയ്‌സ്വാളും പരാഗും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് ഉറപ്പിച്ച ആരാധകര്‍ക്ക് അണ്‍ക്യാപ്ഡ് താരത്തെ കുറിച്ചും കണക്കുകൂട്ടലുകളുണ്ടായിരുന്നു.
എന്നാല്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചാണ് ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഏറെ സസ്‌പെന്‍സിന് ശേഷം അവസാന നിമിഷമാണ് ജുറെലിന്റെ കാര്യത്തില്‍ തീരുമാനമായത്. ജോസ് ബട്‌ലറിനും ആര്‍. അശ്വിനും യൂസി ചഹലിനും മുകളിലായി ജുറെല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടിയത് ആരാധകരെ സംബന്ധിച്ചും സര്‍പ്രൈസായി.
ഇതേ സര്‍പ്രൈസിങ് നീക്കങ്ങള്‍ രാജസ്ഥാന്‍ താര ലേലത്തിലും നടത്തിയിരുന്നു. അതിലൊന്നായിരുന്നു കൗമാര താരം വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ലേലം കൊള്ളുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് സൂര്യവംശി സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റെടുത്തത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.10 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ഇപ്പോള്‍ സൂര്യവംശിയെ ടീമിലെത്തിച്ചതിനെ കുറിച്ച് പറയുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എ.ബി. ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
ചെന്നൈയില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19ടെസ്റ്റ് മാച്ചിലാണ് വൈഭവ് സൂര്യവംശിയെ ശ്രദ്ധിച്ചതെന്നും അവന്റെ പ്രകടനം ഏറെ സ്‌പെഷ്യലായിരുന്നു എന്നുമാണ് സഞ്ജു പറയുന്നത്.
‘ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ടെസ്റ്റ് മാച്ചിലാണ് അവനെ കണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. അന്ന് അവന്‍ 60 പന്തില്‍ നൂറ് റണ്‍സ് നേടിയിരുന്നു. അവന്റെ ഷോട്ടുകളും ഗ്രൗണ്ടില്‍ ചെയ്യുന്നതെന്തോ അതെല്ലാം സ്‌പെഷ്യലായി എനിക്ക് തോന്നി. ഇത്തരം ആളുകള്‍ നിങ്ങള്‍ക്കൊപ്പം വേണം.
രാജസ്ഥാന്‍ റോയല്‍സ് യഥാര്‍ത്ഥത്തില്‍ പ്രതിഭകളെ കണ്ടെത്തി ചാമ്പ്യന്‍മാരാക്കുകയാണ്. ഉദാഹരണത്തിനായി യശസ്വി ജെയ്‌സ്വാളിനെ നോക്കൂ, യുവതാരമായി രാജസ്ഥാനിലെത്തിയവന്‍ ഇന്ന് ഇന്ത്യന്‍ ടീമിന്റെ റോക്ക് സ്റ്റാറാണ്.
റിയാന്‍ പരാഗും ധ്രുവ് ജുറെലും ഇതേ ഗണത്തില്‍ പെടുന്നവരാണ്. ഇത് ചെയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ് എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്നു,’ സഞ്ജു സാംസണ്‍ വ്യക്തമാക്കി.
സൂര്യവംശിയെ മാത്രമല്ല, മെഗാ താരലേലത്തില്‍ മികച്ച പല താരങ്ങളെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ജോഫ്രാ ആര്‍ച്ചറിനെ വീണ്ടും ടീമിലെത്തിച്ച രാജസ്ഥാന്‍, ശ്രീലങ്കന്‍ സ്പിന്‍ ഡുവോയായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെയും സ്വന്തമാക്കി. ഒപ്പം ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആകാശ് മധ്വാളും കുമാര്‍ കാര്‍ത്തികേയയും അടക്കമുള്ള താരങ്ങളെയും രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്.
Content Highlight: Sanju Samson says why Rajasthan Royals Picked Vaibhav Suryavanshi in IPL 2025 mega auction