| Saturday, 25th November 2023, 9:05 am

ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്നാണ് എന്നെ വിളിക്കുന്നത്: സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് സ്‌ക്വാഡില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഏഷ്യാ കപ്പിലും ലോകകപ്പിലുമടക്കം സഞ്ജുവിനെ തഴഞ്ഞ സെലക്ടര്‍മാര്‍ ഓസീസിനെതിരായ പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ആളുകള്‍ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമെന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ എത്തിയത് ഒരിക്കലും സ്വപ്‌നം കാണാത്ത ഇടത്താണെന്നും സഞ്ജു പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു മനസുതുറക്കുന്നത്.

‘ആളുകള്‍ എന്നെ നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഇതുവരെ വിചാരിച്ചതിലും എത്രയോ കൂടുതലാണ്,’ സഞ്ജു പറഞ്ഞു.

ഐ.പി.എല്‍ 2023ന് ശേഷം രോഹിത് ശര്‍മ തന്റെയടുക്കലെത്തി സംസാരിച്ച കാര്യങ്ങളെ കുറിച്ചും സഞ്ജു പറഞ്ഞതു.

‘എന്റെയടുത്ത് വന്ന് സംസാരിക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളാണ് രോഹിത് ശര്‍മ. Hey Sanju Wassup എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. ഐ.പി.എല്ലില്‍ നീ വളരെ നന്നായി കളിച്ചു. പക്ഷേ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സറുകള്‍ നീ നേടി. നീ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ മികച്ച പിന്തുണയാണ് എനിക്ക് രോഹിത് ശര്‍മയില്‍ നിന്നും ലഭിച്ചിട്ടുള്ളത്,’ സഞ്ജു പറഞ്ഞു.

അതേസമയം, വിജയ് ഹസാരെ ട്രോഫിയുടെ തിരക്കിലാണ് കേരള ടീമിന്റെ നായകന്‍ കൂടിയായ സഞ്ജു. സൗരാഷ്ട്രക്കെതിരെ വിജയത്തോടെയാണ് സഞ്ജുവും സംഘവും ആരംഭിച്ചത്.

കേരളത്തിനായി അഖില്‍ സത്താര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് നേടി. ബാറ്റിങ്ങില്‍ അബ്ദുള്‍ ബാസിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ 47 പന്തില്‍ 30 റണ്‍സാണ് സഞ്ജു നേടിയത്.

ഒടുവില്‍ 14 പന്തും മൂന്ന് വിക്കറ്റും കയ്യിലിരികെ സൗരാഷ്ട്ര ഉയര്‍ത്തിയ വിജയലക്ഷ്യം കേരളം മറികടക്കുകയായിരുന്നു.

നവംബര്‍ 25നാണ് കേരളത്തിന്റെ അടുത്ത മത്സരം. ആലൂരില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ആണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തു.

തങ്ങളുടെ ആദ്യ മത്സരത്തില്‍ സിക്കിമിനെ തറപറ്റിച്ചാണ് മുംബൈ കേരളത്തിനെതിരെ ഇറങ്ങുന്നത്.

Content Highlight: Sanju Samson says People call him the most unluckiest cricketer

Latest Stories

We use cookies to give you the best possible experience. Learn more