'ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; ഇനി ജീവിതത്തില്‍ ഒരിക്കലും അതിന് സാധിക്കില്ലല്ലോ സഞ്ജൂ...
Sports News
'ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; ഇനി ജീവിതത്തില്‍ ഒരിക്കലും അതിന് സാധിക്കില്ലല്ലോ സഞ്ജൂ...
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 4:00 pm

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പില്‍ മുത്തമിട്ടത്. കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന ഓവര്‍ വരെ ആവേശം തിങ്ങി നിന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ സ്വപ്നങ്ങളെ ചാമ്പലാക്കി ഒരിക്കല്‍ക്കൂടി ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിട്ടു.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും താരത്തിന് പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളില്‍ സഞ്ജു കളത്തിലിറങ്ങിയിരുന്നു.

ഇപ്പോള്‍ രോഹിത് ശര്‍മയെ പോലെ ഒരു ക്യാപ്റ്റന് കീഴില്‍ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കാത്തത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് സഞ്ജു സാംസണ്‍. വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിലാണ് സഞ്ജു മനസുതുറന്നത്.

ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള സാഹചര്യം സഞ്ജുവിന് മുമ്പിലുണ്ടായിരുന്നു എന്നും സഞ്ജു പറഞ്ഞു. എന്നാല്‍ അവസാന നിമിഷം പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് ടീം തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ഈ തീരുമാനത്തിന് പിന്നാലെ രോഹിത് ശര്‍മ തന്നോട് മാപ്പ് പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യക്കായി ലോകകപ്പ് കളിക്കണമെന്നും ഫൈനലില്‍ എന്തെങ്കിലും ചെയ്യണമെന്നും ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ എന്നെ ടീമിന്റെ ഭാഗമാക്കേണ്ടതില്ല എന്ന രോഹിത് ശര്‍മയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം അതിന്റെ കാരണം എനിക്ക് പറഞ്ഞുതന്നു, ഞാനത് അംഗീകരിക്കുകയും ചെയ്തു.

താങ്കളെ പോലെ ഒരു ക്യാപ്റ്റന് കീഴില്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയത് എന്നും നഷ്ടബോധമായി എന്റെ മനസിലുണ്ടാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രോഹിത് ശര്‍മ നയിക്കുന്ന ലോകകപ്പ് ഫൈനല്‍ ടീമില്‍ ഞാന്‍ ഇല്ലാതിരിക്കുക, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്,’ സഞ്ജു പറഞ്ഞു.

ഫൈനലിനുള്ള ടീമില്‍ അവസാന നിമിഷം മാറ്റം വരുത്തിയതില്‍ ക്യാപ്റ്റന്‍ തന്നോട് ക്ഷമ ചോദിച്ചിരുന്നതായും സഞ്ജു പറഞ്ഞു.

‘ലോകകപ്പ് ഫൈനല്‍ ദിവസം രാവിലെ ഞാന്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യതകളുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും എന്നോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടോസിന് തൊട്ടുമുമ്പ് അതേ ടീമിനെ (മുന്‍ മത്സരങ്ങളിലെ പ്ലെയിങ് ഇലവന്‍) തന്നെ കളത്തിലിറക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു. ടോസിന് ശേഷം രോഹിത് ഭായ് എന്റെയടുത്ത് വരികയും ഇതിന് ക്ഷമ ചോദിക്കുകയും ചെയ്തു,’ സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ ഈ നഷ്ടബോധം എന്നും അദ്ദേഹത്തോടൊപ്പം തന്നെയുണ്ടാകും. ഇനിയൊരു ലോകകപ്പ് ഫൈനലില്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചെന്ന് വരില്ല. ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന് പുറമെ വിരാട് കോഹ്‌ലിയും ജഡേജയും ഇന്ത്യക്കൊപ്പമുള്ള ടി-20 കരിയറിന് ഫുള്‍ സ്റ്റോപ്പിട്ടിരുന്നു.

ഇനിയുള്ളത് 2027ലെ ഏകദിന ലോകകപ്പാണ്. സൗത്ത് ആഫ്രിക്കയും നമീബിയയും സിംബബ്‌വേയും സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

 

ഈ ലോകകപ്പില്‍ രോഹിത് ഭാഗമാകുമോ എന്ന കാര്യം സംശയമാണ്. 2027 ലോകകപ്പിന് മുമ്പ് തന്നെ രോഹിത്തിന് 40 വയസ് പൂര്‍ത്തിയാകും. അതുവരെ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ തുടര്‍ന്നാലും ലോകകപ്പിന്റെ ഭാഗമാകുമോ അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ ക്യാപ്റ്റനായി ഉണ്ടാകുമോ എന്നതെല്ലാം ചോദ്യമായി തുടരുന്നു.

 

Content highlight: Sanju Samson says not playing a World Cup final under Rohit Sharma’s captaincy is one of the biggest regrets of life