ഇതിഹാസ താരം മുത്തയ്യ മുരളീധരനെ നേരിടണമെന്ന് സഞ്ജു സാംസണ്‍. വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ റാപിഡ് ഫയറിലാണ് സഞ്ജു മുത്തയ്യയെ കുറിച്ച് സംസാരിച്ചത്.
‘ഏറ്റവുമധികം നേരിടാനാഗ്രഹിച്ച, എന്നാല്‍ അതിന് സാധിക്കാതെ പോയ ബൗളര്‍ ആരാണ്,’ എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘മുരളി സാര്‍’ എന്ന് സഞ്ജു മറുപടി നല്‍കുകയായിരുന്നു.
മുരളീധരനെ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിന് ‘അതിനെന്തെങ്കിലും പ്രത്യേകിച്ച് കാരണം ആവശ്യമുണ്ടോ? ക്രിക്കറ്റില്‍ അദ്ദേഹം നേടിയെടുത്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാവുന്നതല്ലേ,’ എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്റെ മറുപടി.
രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരിക്കെ ഷെയ്ന്‍ വോണിനെ പല തവണ നെറ്റ്‌സില്‍ നേരിട്ടിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
‘ഷെയ്ന്‍ വോണിനെ നേരിടണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴായി അദ്ദേഹത്തെ നെറ്റ്‌സില്‍ നേരിടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും മുരളി സാറിനെതിരെ കളിക്കാന്‍ സാധിച്ചിട്ടില്ല,’ സഞ്ജു പറഞ്ഞു.
അഭിമുഖത്തില്‍ തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനെ കുറിച്ചും താരം സംസാരിച്ചിരുന്നു.
‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്? താങ്കള്‍ ഓപ്പണറായി കളത്തിലിറങ്ങിയിട്ടുണ്ട്, മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം കളിച്ചിട്ടുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷന്‍ ഏതാണ്,’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ഇതിന് മറുപടിയായി ‘എത്രയും പെട്ടെന്ന് ക്രീസിലെത്തുന്നോ, അത്രയും നല്ലതാണ്,’ എന്നാണ് സഞ്ജു മറുപടി നല്‍കിയത്.
അതേസമയം, കേരളത്തിനൊപ്പം രഞ്ജി ട്രോഫിയുടെ ഭാഗമാണ് സഞ്ജു. നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്.
കര്‍ണാടകയ്‌ക്കെതിരെ ആളൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ മഴ കളിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. കര്‍ണാടകയുടെ ആദ്യ മത്സരവും ഇത്തരത്തില്‍ സമനിലയിലാണ് അവസാനിച്ചത്.
ഒക്ടോബര്‍ 26നാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ബംഗാളാണ് എതിരാളികള്‍.
അതേ ദിവസം തന്നെ കര്‍ണാടകയും തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങും. മോയിന്‍ ഉല്‍ ഹഖ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബീഹാറാണ് എതിരാളികള്‍.
Content highlight: Sanju Samson says Muttiah Muralitharan is the bowler he always wanted to face