ഐ.പി.എല്‍ 2023ല്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ടീമിലേക്ക് കൂടുതല്‍ മികച്ച താരങ്ങളെത്തുകയും ടീം ഒന്നുകൂടി സ്റ്റേബിളാവുകയും ചെയ്തപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ ഇത്തവണ രണ്ടാം കിരീടമുറപ്പിച്ചിരുന്നു.
സീസണിലെ ആദ്യ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ കാത്തുകൊണ്ടേയിരുന്നു. ആദ്യം കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. ഓരോ മത്സരം കഴിയുമ്പോഴും പോയിന്റ് പട്ടികയിലെ സമഗ്രാധിപത്യം കൂടിയായപ്പോള്‍ രാജസ്ഥാന്റെ ഇടനെഞ്ചില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു നക്ഷത്രം കൂടി തുന്നിച്ചേര്‍ക്കുന്നത് ആരാധകരും സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു.
എന്നാല്‍ അനാവശ്യമായി ടീമില്‍ നടത്തിയ മാറ്റങ്ങളും ബാറ്റിങ് ഓര്‍ഡറിലെ പരീക്ഷണങ്ങളും രാജസ്ഥാനെ പടുകുഴിയിലേക്കാണ് കൊണ്ടുചെന്നിട്ടത്. ആദ്യ അഞ്ച് മത്സരത്തില്‍ നാലെണ്ണവും വിജയിച്ച രാജസ്ഥാന്‍ ശേഷിക്കുന്ന ഒമ്പത് മത്സരത്തില്‍ വിജയം രുചിച്ചത് മൂന്നെണ്ണത്തില്‍ മാത്രമാണ്.
മികച്ച താരനിരയുണ്ടായിരുന്നിട്ടും രാജസ്ഥാന് ഈ സ്ഥിതി വന്നത് തന്നെ വളരെയധികം ഞെട്ടിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു. അവസാന ലീഗ് ഘട്ട മത്സരത്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ പരാമര്‍ശം.
‘മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഹെറ്റി (ഹെറ്റ്‌മെയര്‍) തകര്‍ത്തടിച്ചപ്പോള്‍ ഞങ്ങള്‍ 18.5 ഓവറില്‍ മത്സരം വിജയിച്ചേക്കുമെന്ന് തോന്നിയിരുന്നു. (18.3 ഓവറില്‍ മത്സരം വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍.സി.ബിയെ മറികടന്നുകൊണ്ട് രാജസ്ഥാന് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിക്കുമായിരുന്നു).
ഞങ്ങള്‍ക്ക് നിലവാരമുള്ള ഒരു ടീമുണ്ട്. എന്നിട്ടും ഞങ്ങള്‍ പോയിന്റ് ടേബിളില്‍ എവിടെയാണ് ചെന്നെത്തി നില്‍ക്കുന്നത് എന്ന് കാണുമ്പോള്‍ ആല്‍പം ഞെട്ടലുണ്ടാക്കുന്നു.
ഞാന്‍ ജെയ്‌സ്വാളിനെ കുറിച്ച് ഏതാണ്ട് എല്ലാ മത്സരത്തിലും സംസാരിക്കാറുണ്ട്. അവന്‍ ടൂര്‍ണമെന്റിലുടനീളം പക്വത കാണിച്ചു. അവന്‍ നൂറ് അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ചതുപോലെയാണ് കളിച്ചത്. 90 ശതമാനം സമയങ്ങളിലും ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവസാന മത്സരങ്ങളില്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായി,’ സഞ്ജു പറഞ്ഞു.
നിലവില്‍ 14 മത്സരത്തില്‍ നിന്നും ഏഴ് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. 0.148 എന്ന നെറ്റ് റണ്‍ റേറ്റാണ് രാജസ്ഥാനുള്ളത്. ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങളുടെയും വിധി അടിസ്ഥാനമാക്കിയാകും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലകൊള്ളുക.
Content Highlight: Sanju Samson said that it was a shock to go down in the points table